
തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിന് കീഴിലെ ചാവടി മത്സ്യമാർക്കറ്റിൽ പുതുതായി സ്ഥാപിച്ച പൊതുടോയ്ലറ്റിന്റെ പരിസരത്തുപോലും ആളുകൾക്ക് പോകാൻ നിവൃത്തിയില്ല. അത്രയ്ക്കാണ് ദുർഗന്ധം. സെപ്ടിക്ക് ടാങ്ക് പൊട്ടിയൊലിക്കുന്നതാണ് അസഹ്യമായ ഈ ദുർഗന്ധത്തിന് കാരണം. മാർക്കറ്റിലെത്തുന്നവർക്കും കച്ചവടക്കാർക്കുമെല്ലാം ഇത്
വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മഴ ശക്തമായാൽ കക്കൂസിൽ നിന്നുള്ള മലിന ജലം മാർക്കറ്റിൽ പരന്നൊഴുകാനും സാദ്ധ്യതയുണ്ട്. നിത്യേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന സ്ഥലമാണ് ചാവടി മത്സ്യ മാർക്കറ്റ്. ഇവിടേയ്ക്കുള്ള പൊതുവഴിയിലാണ് സെപ്ടിക് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത് എന്നത് ദുരിതം ഇരട്ടിയാക്കുന്നു. ടാങ്കിന് വേണ്ടത്ര കപ്പാസിറ്റിയില്ലാത്തതാണ് വേഗം നിറയാനും മലിന ജലം പുറത്തേക്ക് ഒഴുകാനും കാരണം.
ഇതിനെതിരെ തുറവൂർ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർക്കും കുത്തിയതോട് ഗ്രാമപഞ്ചായത്ത് അധികൃതർക്കും നിരവധിപേർ ഒപ്പിട്ട പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂടുതൽ കപ്പാസിറ്റിയുള്ള ടാങ്ക് സ്ഥാപിച്ച് ബുദ്ധിമുട്ട് പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.