
ചേർത്തല: താലൂക്ക് ആശുപത്രിയിൽ എക്സറേ മെഷീൻ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന ആശുപത്രി സൂപ്രണ്ടിന്റേയും നഗരസഭ അധികൃതരുടേയും നടപടിക്കുമെതിരെ ബി.ജെ.പി നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമ്മേളനം നടത്തി. ആശുപത്രിക്ക് മുന്നിൽ നടന്ന സമ്മേളനം മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കെ. പണിക്കർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ആശാ മുകേഷ് അദ്ധ്യക്ഷയായി. ജില്ലാകമ്മിറ്റി അംഗങ്ങളായ എസ്. പത്മകുമാർ,ഗീതാ പുളിക്കൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് രസ്ന രജീഷ്,ജനറൽ സെക്രട്ടറി ശശികല, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വെസ്റ്റ് മണ്ഡലം സെക്രട്ടറി സന്തോഷ് വട്ടക്കാട് സ്വാഗതവും ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു.
എ.കെ. ആന്റണിയുടെ എംപി ഫണ്ടിൽ നിന്നും ആശുപത്രിക്ക് ഡിജിറ്റൽ എക്സ് റേ മെഷിനും, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീനും വാങ്ങുന്നതിനായി 2019ൽ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾക്കു മുമ്പാണ് കരാർ നടപടികൾ നടത്തിയത്. കരാറിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി വിവാദം ഉയരുകയും ചെയ്തു. കരാർ എടുക്കുന്നതിനായി ഒരു കമ്പനി പ്രതിനിധി ചട്ടലംഘനം നടത്തി അവധി ദിവസം ആശുപത്രിയിലെത്തുന്നത് മൊബൈലിൽ പകർത്തിയ താത്കാലിക ജീവനക്കാരനെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയിരുന്നു. ആശുപത്രിയിലെ ഏതാനും ജീവനക്കാർ തന്റെ ഫോണിൽ നിന്ന് ഈ ഫോട്ടോകൾ നീക്കം ചെയ്തതായി കാട്ടി താത്ക്കാലിക ജീവനക്കാരൻ ആദ്യം ചേർത്തല പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും പരാതിനൽകിയിരുന്നു.