അമ്പലപ്പുഴ : ചെമ്മീനിന്റെ ദൗർലഭ്യവും വൻകിട കമ്പനികളുടെ കടന്നുകയറ്റവും കാരണം
ചെറുകിട ചെമ്മീൻ പീലിംഗ് ഷെഡുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ട്രോളിംഗ് നിരോധനം കൂടി നിലവിൽ വന്നതോടെ ഈ മേഖലയിൽ പണിയെടുക്കുന്നവർ തീർത്തും ദുരിതത്തിലായി.
വിവിധ തീരങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചെമ്മീൻ, പീലിംഗ് കേന്ദ്രങ്ങളിലെത്തിച്ച് കിള്ളി തോട് നീക്കം ചെയ്ത് സംസ്ക്കരിച്ച് കളക്ഷൻ സെന്ററുകളിലെത്തിച്ച് വിൽപ്പന നടത്തിയാണ് ചെറുകിട കച്ചവടക്കാർ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി ചെമ്മിന്റെ ലഭ്യതക്കുറവും വിലവർദ്ധനയും കാരണം പലരും കച്ചവടം പൂട്ടിപ്പോയി. ഇതോടെ സംസ്ക്കരണ തൊഴിലാളികളുടെ വീടുകളും പട്ടിണിയിലായി.
ഒരു കാലത്ത് ചെമ്മീൻ വ്യവസായത്തിന് പേരുകേട്ട വളഞ്ഞ വഴി ഇന്ന് പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പലരും മറ്റ് തൊഴിൽ മേഖലകൾ തേടി പോയെങ്കിലും ബഹുഭൂരിപക്ഷവും ചെമ്മീൻ വ്യവസായത്തെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.
ചാകരയും കൈവിട്ടു
1.വാടയ്ക്കൽ മുതൽ ആറാട്ടുപുഴ വരെ ആയിരത്തോളം ചെറുകിട ചെമ്മീൻ സംസ്ക്കരണശാലകളാണ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ചെമ്മീൻ കിള്ളൽ ജോലികൾ ചെയ്യുന്നത് ഏറെയും സ്ത്രീകളാണ്. പത്ത് മുതൽ നൂറ് വരെ തൊഴിലാളികൾ വരെ ഇവിടങ്ങളിൽ പണിയെടുക്കുന്നുണ്ട്. കൂടാതെ മുന്നൂറോളം ചെമ്മീൻ കളക്ഷൻ സെന്ററുകളും ഇവിടെയുണ്ട്
2.ചെറുകിട കച്ചവടക്കാരിൽ നിന്ന് ശേഖരിച്ച സംസ്ക്കരിച്ച ചെമ്മീൻ, വളഞ്ഞവഴിയിലെ കളക്ഷൻ സെന്ററുകളാണ് കൊച്ചിയിലെ കയറ്റുമതി കമ്പനികൾക്ക് കാലങ്ങളായി എത്തിച്ചിരുന്നത്. എന്നാൽ, ഈ വ്യാപാരവും മാന്ദ്യത്തിലാണ്. കേരളത്തിലെ ചെമ്മീനുകൾക്ക് വിദേശത്ത് പ്രിയം കുറഞ്ഞതാണ് ഇക്കൂട്ടർക്ക് തിരിച്ചടിയായത്
3.നീണ്ടകരയിലെ ചെമ്മീൻ കൊയ്‌ത്ത് സീസണിൽ ആശ്വാസമായിരുന്നെങ്കിലും കഴിഞ്ഞ കുറേ കാലങ്ങളായി ഇവിടെയും ക്ഷമമാണ്. പരമ്പരാഗത മത്സ്യതൊഴിലാളികൾക്കാവട്ടെ ചെമ്മീൻ വേണ്ടത്ര ലഭിക്കാറുമില്ല. ട്രോളിംഗ് നിരോധന കാലത്ത് പൊന്തുവള്ളങ്ങൾക്ക് കരിക്കാടി ചെമ്മീൻ സുലഭമായി ലഭിക്കാറുണ്ടെങ്കിലും ഇത്തവണ നിരാശയായിരുന്നു ഫലം
4.ട്രോളിംഗ് നിരോധനം വന്നതോടെ ചാകര പ്രതീക്ഷിച്ച് കടലിലിറക്കിയ പരമ്പരാഗത മൽസ്യബന്ധന വള്ളങ്ങൾ നിരാശയോടെയാണ് മടങ്ങിയത്. സാധാരണ ഇക്കാലത്ത് പൂവാലൻ ചെമ്മീൻ ലഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ ചാകര പ്രത്യക്ഷപ്പെടാത്തതാണ് തിരിച്ചടിയായി
പീലിംഗ് തൊഴിലാളികൾ
നേരത്തെ: 6000
നിലവിൽ: 3000
ചെമ്മീൻ വൃത്തിയാക്കാൻ
2 കിലോയ്ക്ക്: ₹ 28
ശരാശരി വരുമാനം
ഒരുദിവസം: ₹ 600
സ്ത്രീ തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും വരുമാനമാർഗമായിരുന്നു പീലിംഗ്. വീടുകളിലിരുന്നാണ് സ്ത്രീകൾ പീലിംഗ് ജോലികൾ ചെയ്തിരുന്നത്. എന്നാൽ ചെമ്മീന്റെ ലഭ്യത കുറഞ്ഞതോടെ രണ്ട്മാസത്തോളമായി ഷെഡുകൾ അടഞ്ഞുകിടക്കുകയാണ്. പലകുടുംബങ്ങളും പട്ടിണിയിലാണ്.
-അഹമ്മദ് കുഞ്ഞ്, പീലിംഗ് ഷെഡ് ഉടമ