ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ ആക്സബിൾ ഇന്ത്യ, സംസ്ഥാന സർക്കാരിന്റെ ബാരിയർ ഫ്രീ പദ്ധതികൾ പ്രകാരം സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും പൊതുഇടങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ 2225 കേന്ദ്രങ്ങൾ ഭിന്നശേഷി സൗ ഹൃദമാകുന്നു. 2016- ലെ ഭിന്നശേഷി അവകാശനിയമം സെക്ഷൻ 45 പ്രകാരം പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമാണിത്.

സർക്കാർ ഓഫീസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പൗരകേന്ദ്രീകൃതമായ എല്ലാപൊതു സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ട് 2023 ൽ സാമൂഹ്യ നീതിവകുപ്പിന് ആലപ്പുഴ സ്വദേശിയായ പൊതു പ്രവർത്തകൻ

ചന്ദ്രദാസ് കേശവപിള്ള സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വീൽച്ചെയർ ഒരുക്കും

1.എല്ലാ സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ പൊതുമേഖല സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ നടപടികൾ സ്വീകരിക്കണം

2.സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ മുന്നോടിയായി വീൽച്ചെയർ സംവിധാനം ഒരുക്കുവാനും ഭിന്നശേഷി സൗഹൃദശുചിമുറികൾ ആരംഭിക്കുവാനും നടപടികൾ ആരംഭിച്ചു

3. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളിൽ സാമൂഹ്യ നീതിവകുപ്പിനുകീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കും