ആലപ്പുഴ: കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നവരുടെ സമരം അവസാനിപ്പിക്കുന്നതിന് തൊഴിലാളികളെ വിളിച്ചു ചേർത്തുള്ള ജില്ലാ കളക്ടറു‌ടെ യോഗം ഇന്നലെയും നടന്നില്ല. തൊഴിലാളികൾ മൂന്ന് മണിക്കൂറോളം കളക്ടറെ കാത്തിരുന്നെങ്കിലും കാണാനായില്ല. പ്രശ്നപരിഹാരം ഉണ്ടാകാത്തതിനാൽ സമരം തുടരാനുള്ള തീരുമാനത്തിലാണ് തൊഴിലാളികൾ. വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതടക്കം ആലോചനയുമുണ്ട്. കഴിഞ്ഞ ദിവസവും തൊഴിലാളികൾ കളക്ടറെ കാണാനെത്തിയെങ്കിലും സാധിച്ചിരുന്നില്ല. മാലിന്യ സംസ്ക്കരണ പ്രശ്നം പരിഹരിക്കുന്നതിന് കായംകുളം എൻ.ടി.പി.സി, ആലപ്പുഴ ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്, ചേർത്തല ഇൻഫോപാർക്ക് എന്നീ സ്ഥാപനങ്ങളിലെ ട്രീറ്റ്മെന്റ് പ്ലാന്റുകൾ തുറന്നുനൽകാൻ തീരുമാനമായിരുന്നു. ഇതിനായി സ്ഥാപനങ്ങൾക്ക് നിർദ്ദേശവും നൽകി. എന്നാൽ ഇക്കാര്യത്തിൽ തൊഴിലാളികൾക്ക് അറിയിപ്പ് നൽകിയിട്ടില്ല. ഏതെല്ലാം പ്ലാന്റുകളിൽ എത്രത്തോളം മാലിന്യം നിക്ഷേപിക്കാം, ഏത് സമയം തുടങ്ങിയ കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടതുണ്ട്.