തുറവൂർ : കുത്തിയതോട്,പാട്ടുകുളങ്ങര,തുറവൂർ ഭാഗങ്ങളിൽ ദേശീയ പാതയ്ക്ക് ഇരുവശവുംപൊടിശല്യം മൂലം നാട്ടുകാർ വലയുന്നു. തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന റോഡിന് ഇരുവശവും കുണ്ടും കുഴിയും മാറ്റാൻ മെറ്റൽ വിരിച്ചതോടെ വാഹനങ്ങൾ പാതയിലൂടെ പാഞ്ഞ് പോകുമ്പോൾ , പൊടിപടലം കൊണ്ട് കണ്ണ് കാണാൻ വയ്യാത്ത അവസ്ഥയാണ്. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളും പൊടിശല്യത്താൽ ദുരിതം അനുഭവിക്കുകയാണ്. പൊടി പറക്കാതിരിക്കാൻ റോഡിന് ഇരുവശവും വെള്ളം വാഹനത്തിൽ കൊണ്ടുവന്ന് തളിച്ചിരുന്നതാണ്. ഇപ്പോൾ ആഴ്ചകളായി വെള്ളം തളിക്കാറേയില്ല. രാവിലെയും വൈകിട്ടും റോഡിന് ഇരുവശവും വെള്ളം തളിച്ചാൽ പൊടി ശല്യം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.