തുറവൂർ: ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിച്ച കുത്തിയതോട് ജംഗ്ഷനിലെ പടിഞ്ഞാറെ ബസ് സ്റ്റോപ്പ് പഴയ സ്ഥലത്തേക്ക് പുന:ക്രമീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. എലിവേറ്റഡ് ഹൈവേയുടെ ഒറ്റ തൂണുകളിൽ ഗർഡർ സ്ഥാപിക്കുന്നതിനായി റോഡരികിൽ റെയിൽ സ്ഥാപിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് ബസ് സ്റ്റോപ്പ് മാറ്റിയത്. എന്നാൽ,​ ആ ഭാഗത്ത് തൂണുകളിൽ ഗർഡർ സ്ഥാപിച്ചുവെങ്കിലും ബസ് സ്റ്റോപ്പ് പഴയ സ്ഥലത്തേക്ക് മാറ്റിയിട്ടില്ല. ഇതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ബസ് യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇതു സംബന്ധിച്ച് കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിവേദനം നൽകി.