തുറവൂർ: കുത്തിയതോട് ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നോക്കുകുത്തിയായി .ആവശ്യക്കാർ സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുമ്പോൾ അങ്ങേതലയ്ക്കൽ ബെല്ലടി മാത്രം കേൾക്കുമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. ലാൻഡ് ഫോൺ പ്രവർത്തനം നിശ്ചലമായിട്ട് ആഴ്ചകൾ പിന്നിട്ടു. പൊതുജനങ്ങൾ സംഭവമോ അപകടമോ പരാതിയോ മറ്റെന്തെങ്കിലുമോ അറിയിക്കണമെങ്കിൽ സ്റ്റേഷനിൽ നേരിട്ടു ചെല്ലേണ്ട സ്ഥിതിയാണിപ്പോൾ. ജില്ലയിലെ തന്നെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണിത്. ദേശീയപാതയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനിലേക്ക് സാധാരണക്കാർ വിവരം കൈമാറുന്നത് ഇവിടുത്തെ ബി.എസ്.എൻ.എൽ ലാൻഡ് ഫോണിലൂടെയാണ്. ഏറെ നാളായി ലാൻഡ് ഫോൺ ആളുകളെ വലയ്ക്കുകയാണെന്നാണ് വ്യാപക പരാതി. ഇൻസ്പെക്ടർക്കും സബ് ഇൻസ്പെക്ടർക്കും ഒക്കെ സർക്കാർ സൗജന്യമായി നൽകിയിട്ടുള്ള മൊബൈൽ സിം ഉണ്ടെങ്കിലും അത്യാവശ്യഘട്ടത്തിൽ പലപ്പോഴും ഇവരെ കിട്ടാത്ത സ്ഥിതിയുമുണ്ട്. സ്റ്റേഷനിലെ ഫോൺ തകരാർ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.