കുട്ടനാട് : കിടങ്ങറ - മുട്ടാർ സെൻട്രൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിലെ അപകാതയ്ക്കെതിരെ പ്രതിഷേധം വ്യാപകം. പാലത്തിന്റെ തെക്കേ കരയിലായി പുതുതായി നിർമ്മിക്കുന്ന അപ്രോച്ച് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് പരാതി.
ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് ഒരേ പോലെ കടന്നു പോകുക വലിയ പ്രയാസമാകും. കൂടാതെ സൈഡ് കൊടുക്കുന്നതിനിടെ തൊട്ടടുത്തുള്ള പാടശേഖരത്തിലെ താഴ്ചയിലേക്ക് വാഹനങ്ങൾ മറിയാനുള്ള സാദ്ധ്യതയും ഏറെയാണ്.
പാലത്തിന്റെ പണി ഏറെക്കുറെ പൂർത്തിയായതിന് തൊട്ടുപിന്നാലെയായിരുന്നു ലക്ഷക്കണക്കിന് രൂപ ചിലവിട്ടുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം. ആദ്യഘട്ടത്തിൽതന്നെ റോഡിന് ആവശ്യത്തിന് വീതിയില്ലെന്ന് കാട്ടി നാട്ടുകാരും മുട്ടാർ പഞ്ചായത്ത് സമിതിയും രംഗത്ത് എത്തിയിരുന്നു.
പഞ്ചായത്തും രംഗത്ത്
എ.സി റോഡിനേയും എടത്വാ,ചക്കുളം,തിരുവല്ല തുടങ്ങിയ അപ്പർ കുട്ടനാടൻ പ്രദേശങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്രധാന പാതയിൽ പാലം തുറന്ന് കൊടുക്കുന്നതോടെ ഏത് സമയവും വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മുട്ടാർ പഞ്ചായത്ത് സമിതി തന്നെ നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ ചൂട് പിടിച്ചിരിക്കുകയാണ്.