
ചാരുംമൂട് : കൊല്ലം തേനി ദേശീയപാതയിൽ ഗുരുനാഥൻ കുളങ്ങര ജംഗ്ഷനിലെ അപകടക്കുഴി അടക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ടു. ദേശീയപാതയിൽ താമരക്കുളത്തിനും ചാരുമൂടിനും ഇടയിലുള്ള ഗുരുനാഥൻകുളങ്ങര ജംഗ്ഷനിലാണ് ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയായി അപകടക്കുഴി ഉള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇരുപതോളം ഇരുചക്ര വാഹനങ്ങളാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടത്. ഇത്രയും അപകടകരമായ കുഴി അടയ്ക്കാൻ അധികൃതർ അലംഭാവം കാണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് പ്രദേശവാസികൾ കുഴിയിൽ വാഴനട്ട് പ്രതിഷേധ ഫ്ലക്സ് സ്ഥാപിച്ചു. ഇന്നലെയും കുഴിയിൽ വീണ് ബൈക്ക് യാത്രികർക്ക് പരിക്കേറ്റിരുന്നു.