അമ്പലപ്പുഴ: സാധാരണക്കാരുടെ പ്രിയ മത്സ്യങ്ങളായ മത്തിയും അയലയും തീൻമേശയിൽ നിന്ന് പുറത്താകുന്ന ലക്ഷണമാണ്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്തിപോലും കിട്ടാത്ത അവസ്ഥയാണ്. കിട്ടുന്നവയ്‌ക്കാകട്ടെ തീപിടിച്ച വിലയും. ഒരുകിലോയ്ക്ക് 400 രൂപ കടന്നതോടെ മത്തിയും സാധാരണക്കാരെ കൈയൊഴിയുകയാണ്. ട്രോളിംഗ് നിരോധനകാലത്ത് കടലിൽ പോകുന്ന വള്ളങ്ങൾക്ക് മത്തി, അയല എന്നിവ വൻ തോതിൽ സാധാരണ ലഭിക്കാറുള്ളതാണ്. എന്നാൽ,​ ഇത്തവണ പലർക്കും വെറുംവലയുമായി

മടങ്ങേണ്ടി വന്നു.

കേരള തീരത്ത് മത്തി, അയല തുടങ്ങിയവയുടെ ലഭ്യതക്കുറവിന് കാരണം കാലാവസ്ഥ വ്യതിയാനമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതിരൂക്ഷമായ ചൂടാണ് പ്രധാന വില്ലൻ. സാധാരണഗതിയിലുള്ള 26-27 ഡിഗ്രി സെൽഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാൻ കളിയു. എന്നാൽ,​ ഇത്തവണത്തെ ചൂട് 30-32 വരെയാണ്. ഇത് മീനുകളുടെ നിലനിൽപ്പിനെ

പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വിലകുറയാൻ മീൻ എത്തണം

അന്യസംസ്ഥാനങ്ങളിൽ നിന്ന് മീൻ എത്തിയാൽ മാത്രമേ വില കുറയൂവെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം, തൂത്തുക്കുടി അടക്കമുള്ള പ്രദേശങ്ങളിൽ നിന്നാണ് മല‍യാളികളുടെ ഇഷ്ടഇനമായ നെയ്ചാള അടക്കമുള്ളവ വൻ തോതിലെത്തുന്നത്. അടുത്ത ആഴ്ചയോടെ അവിടെ നിന്നുള്ള മത്സ്യങ്ങൾ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.

മത്തിവില

ട്രോളിംഗിംഗ് നിരോധനത്തിന് മുമ്പ് : ₹ 200-220

ഇപ്പോഴത്തെ വില: ₹ 350-400

സംസ്ഥാനത്ത് മീൻ ഉപയോഗം

(ലക്ഷം ടണ്ണിൽ)​

ഒരു വർഷം : 9.25

ഉത്പാദനം: 6

വരവ്: 3.25