ആലപ്പുഴ: കാലവർഷത്തിൽ വെള്ളക്കെട്ട് ഭീഷണിയിലായ നഗരത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നൂലാമാലകൾ നീങ്ങിയിട്ടും തോടുകളുടെ ശുചീകരണ നടപടികൾ വൈകുന്നു. ശുചീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ടെൻഡർ നടപടികൾക്കുമുള്ള കാലതാമസമാണ് തടസം. നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വാർഡുതലത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കൽ ജോലികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും , അവ സൈറ്റിൽ അപ് ലോഡ് ചെയ്യാനും ടെൻഡർ തയ്യാറാക്കി ക്വട്ടേഷൻ ക്ഷണിച്ച് എഗ്രിമെന്റ് വയ്ക്കുന്നതുമടക്കമുളള ജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസമാണ് കാലവർഷകാലത്ത് നഗരവാസികളെ ആശങ്കയിലാക്കുന്നത്. നഗരത്തിലെ പ്രധാന തോടുകളായ റാണിതോടും ഷഡാമണിതോടുമടക്കം മുഴുവൻ തോടുകളും പോളയും ചപ്പുചവറുകളും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. സിവിൽ സ്റ്റേഷൻ, സഖറിയാബസാർ,റെയിൽവേ സ്റ്റേഷൻ തുടങ്ങി നഗരത്തിന്റെ പടിഞ്ഞാറ്ഭാഗത്തുള്ള പത്തോളം വാർഡുകളിലാണ് വെളളക്കെട്ട് കെടുതികൾ രൂക്ഷം. ശുചീകരണം പൂർത്തിയാകാത്ത തോടുകൾ മാലിന്യ പകർച്ചവ്യാധി ഭീതി പരത്തുന്ന സാഹചര്യമാണുള്ളത്. റാണി, ഷഡാമണി തോടുകളുടെയും ശുചീകരണത്തിനായി 25 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരുന്നത്. നഗരത്തിലെ പതിനഞ്ചോളം വാർഡുകളെ ബന്ധിപ്പിച്ച് വാടപ്പൊഴിയിലും, അയ്യപ്പൻ പൊഴിയിലും, കൊട്ടാരത്തോട്ടിലും പതിക്കുന്ന തോടുകളാണ് റാണിയും ഷഡാമണിയും. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യം ശേഖരിക്കാൻ ഹരിത കർമ്മസേനയും, ജൈവ, അജൈവ മാലിന്യങ്ങൾ സ്വീകരിക്കാൻ സംഭരണ കേന്ദ്രങ്ങളുമുണ്ടായിട്ടും ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നതും കൈയ്യേറ്റവുമാണ് നീരൊഴുക്കിന് തടസമാകുന്നത്.
...........................
''തോടുകൾ ശുചിയാക്കുന്നതിന് വാർഡ് അടിസ്ഥാനത്തിൽ എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. വർക്ക് ഉടൻ ടെൻഡർ ചെയ്യും.
നഗരസഭ, ആലപ്പുഴ
.........................
'' തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞിട്ടും പണം അനുവദിച്ചെന്ന് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാനാകാത്തത് നഗരസഭയിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. കോരി വൃത്തിയാക്കിയ തോടുകളിലെ മണ്ണും ചെളിയും പോലും നഗരത്തിൽ പലയിടത്തും കുന്നുകൂട്ടിയിരിക്കുകയാണ്. ഇവ കോരി മാറ്റി നീരൊഴുക്ക് സുഗമമാക്കണം.
ശ്രീജിത്ത്, മുല്ലയ്ക്കൽ സ്വദേശി