
മാന്നാർ: സ്റ്റോർജംഗ്ഷനിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നോക്കുകുത്തിയായി മാറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി , പുതിയ ബഹുനില മന്ദിരം പണിയാൻ ഭരണാനുമതി ലഭിച്ചതോടെ മാന്നാറിന്റെ മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിലാണ് നാട്. ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച കമ്മ്യൂണിറ്റിഹാൾ, വൃദ്ധസദനം, ഓപ്പൺഎയർ ഓഡിറ്റോറിയം എന്നിവയാണ് വർഷങ്ങളായി മാന്നാർ ബസ് സ്റ്റാൻഡിന് സമീപം നോക്കുകുത്തിയായി മാറിയിട്ടുള്ളത്. ഇവ പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിരം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്ത് മൂന്നരക്കോടി രൂപയുടെ നിർമ്മാണ പദ്ധതി സമർപ്പിച്ചതിൽ രണ്ടരക്കോടി രൂപയുടെ ഭരണാനുമതിയാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. 2006 ൽ ഉദ്ഘാടനംചെയ്ത കമ്മ്യൂണിറ്റിഹാൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരംതിരിക്കുന്ന വേദിയായി മാറിയതോടെ മറ്റാവശ്യങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വയോജനങ്ങളുടെ സാന്ത്വനപരിചരണം ലക്ഷ്യമാക്കി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വൃദ്ധസദനം 2010 ലാണ് ഉദ്ഘാടനം ചെയ്തത്. 2019 -20 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് ഓപ്പൺഎയർ ഓഡിറ്റോറിയം നിർമ്മിച്ചത്.
.......
#ആയുർവേദാശുപത്രിയും ഓഡിറ്റോറിയവും
ബസ് സ്റ്റാൻഡിന് തെക്ക് വശത്തു മാന്നാർ പഞ്ചായത്തിന്റെ അധീനതയിലുള്ള കമ്മ്യൂണിറ്റിഹാൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റി അവിടെ ഗവ.ആയുർവേദാശുപത്രി, ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയം എന്നിവ ഉൾപ്പെടുന്ന ബഹുനിലകെട്ടിടം നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. മാന്നാർ ടൗണിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.ആയുർവേദാശുപത്രി കെട്ടിടത്തിന്റെ പഴക്കം മൂലം ആലുമ്മൂട് ജംഗ്ഷന് തെക്ക് മാറി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുയാണിപ്പോൾ. കല്യാണമണ്ഡപം, സദ്യാലയം ഉൾപ്പെടെയുള്ള ഓഡിറ്റോറിയം മുകൾ നിലകളിലും സജ്ജീകരിക്കുന്ന നിലയിലാണ് പദ്ധതി സമർപ്പിച്ചിരിക്കുന്നതെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു.
........
#വേണം മൾട്ടിപ്ലക്‌സ് തീയേറ്റർ
മൂന്നോളം സിനിമ തീയേറ്ററുകൾ ഉണ്ടായിരുന്ന മാന്നാറിൽ ഇന്ന് സിനിമ കാണുവാൻ മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. അതിനാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നിർമ്മിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ ഒരു മൾട്ടിപ്ലക്‌സ് തീയേറ്റർ കൂടി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.