
മാന്നാർ: കുളഞ്ഞിക്കാരാഴ്മ പതിനാലാം വാർഡിൽ ചേനാശ്ശേരി കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കുളത്തിലെ വെള്ളം പെട്ടെന്ന് കരുത്ത് നിറം മാറിയതോടെ സംശയം തോന്നിയ സമീപവാസികളാണ് പഞ്ചായത്തിൽ പരാതി നൽകിയത്. ഹെൽത്ത് സെന്ററിൽ നിന്നും ബ്ലിച്ചിംഗ് പൗഡർ കുളത്തിൽ വിതറി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സൂര്യ, റെജി ഡെയിൻസ്, മാന്നാർ പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ സനീഷ് ടി.എസ്, അനിരുദ്ധൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിനോയ്, രാജേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തുള്ള സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭ്യമായില്ലെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.