
ചേർത്തല:സുരക്ഷിതമായി കടലിൽ നീന്താൻ കുട്ടികൾക്ക് പരിശീലനം. മുങ്ങി മരണങ്ങൾക്കൊപ്പം കടൽദുരന്തങ്ങളെയും അതിജീവിക്കുന്നതിനുള്ള സന്ദേശമായാണ് പരിശീലനം. മൈൽ സ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റി ചേർത്തല നഗരസഭയുടെയും വേൾഡ് മലയാളി ഫെഡറേഷന്റേയും,പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റേയും സഹകരണത്തോടെ നടത്തിയ നീന്തൽ പരിശീലത്തിന്റെ തുടർച്ചയായാണ് കടലിൽ പരിശീലനം നൽകിയത്.കോസ്റ്റൽ പൊലീസ് അർത്തുങ്കൽ യൂണിറ്റിന്റെ സഹായത്തോടെ കടലിൽ നൽകിയ പരിശീലത്തിന് അന്താരാഷ്ട്ര സാഹസിക നീന്തൽ താരം എസ്.പി. മുരളീധരൻ നേതൃത്വം നൽകി.കോസ്റ്റൽ പൊലീസ് സേനാംഗം ടി.ജെ തോമസ് കുട്ടികൾക്ക് സുരക്ഷയൊരുക്കി.വനിതാ സേനാംഗം സുബിത ജലസുരക്ഷാ സന്ദേശം നൽകി. ആറു വയസ് മുതൽ മുകളിലുള്ള 50ലധികം കുട്ടികൾ ശക്തമായ തിരയിലും ഇരുന്നൂറു മീറ്ററോളം ദൂരം അത്മവിശ്വാസത്തോടെ നീന്തി.
വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ കോ ഓർഡിനേറ്റർ ഫ്രാൻസ് മുണ്ടാടൻ,ഡബ്ല്യു.എം.എഫ് കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മിനി രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അഡ്വ.പി.എസ്.ഷാജി,സെക്രട്ടറി ബിമൽ റോയ്, മൈൽസ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൽ സൊസൈറ്റി സെക്രട്ടറി ഡോ.ആർ.പൊന്നപ്പൻ,എക്സിക്യുട്ടിവ് അംഗങ്ങളായ സാജൻ കുട്ടി,കെ.കെ.ഗോപി കുട്ടൻ എന്നിവർ പങ്കെടുത്തു.