ഹരിപ്പാട്: കരുവാറ്റായിൽ നിരവധി കടകളിലും ക്ഷേത്രത്തിലും മോഷണം നടന്നു. കരുവാറ്റ വഴിയമ്പലം ജംഗ്ഷനിലും സമീപവുമുള്ള ഒമ്പതോളം കടകളിലും കരുവാറ്റ മൂഴാങ്കൽ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ കടകൾ തുറക്കാൻ വന്നപ്പോൾ ഷട്ടറിന്റെ താഴുകളും വാതിലുകളും തകർത്ത നിലയിലായിരുന്നു. ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി തകർത്തു പണം അപഹരിച്ചു. വസ്ത്ര വ്യാപാര സ്ഥാപനം, മെഡിക്കൽ ഷോപ്പ്, ബാർബർ ഷോപ്പ്, പച്ചക്കറി കട, പലചരക്ക് കട, റേഷൻകട, ഉപ്പേരി വിൽപ്പന നടത്തുന്ന കട, ചായകട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഒരു കടയിൽ നിന്നും 17000 രൂപയും ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും 8000 രൂപയും ഉൾപ്പടെ 50000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മെഡിക്കൽ ഷോപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരാൾ കടയുടെ താഴ് തകർത്തു ഉള്ളിൽ കയറുന്നത് പതിഞ്ഞിട്ടുണ്ട്. ഉപ്പേരി കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന നേർച്ചപ്പെട്ടിയും കവർന്നു.