photo

കാവാലം കാവുംപടി- പെരുമാൾ റോഡിൽ അപകടയാത്ര

ആലപ്പുഴ: പുനർ നിർമ്മാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ടുയർത്തി നിരപ്പാക്കാത്തതിനാൽ വാഹന യാത്രക്കാർ ബുദ്ധിമുട്ടുന്നു. കാവാലം പഞ്ചായത്ത് ആറാം വാർഡിൽ കാവുംപടി മുതൽ പെരുമാൾ ജംഗ്ഷൻ വരെയുള്ള റോഡിലാണ് യാത്ര ദുസ്സഹമായി മാറിയിരിക്കുന്നത്. ഇവിടെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി.

പ്രളയദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 2.01കോടി രൂപയാണ് റോഡിന്റെ പുനർനിർമ്മാണത്തിന് അനുവദിച്ചത്.

റോഡിൽ നിന്ന് ഏറെ താഴ്ന്നാണ് സമീപമുള്ള സ്ഥലമുള്ളത്. വാഹനങ്ങൾ റോഡിന് പുറത്തേക്ക് ഇറക്കേണ്ടി വന്നാൽ അടിഭാഗം തട്ടി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. പ്രദേശത്ത് കുടിവെള്ളം ക്ഷാമം അതിരൂക്ഷമാണ്. വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കാനും കഴിയാത്ത അവസ്ഥയാണ്. പാചകവാതകവുമായുള്ള വാഹനങ്ങൾ ഈ റൂട്ടിലേക്ക് എത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സ്‌കൂൾ കുട്ടികളെ കൊണ്ടു പോകാനും വാഹനങ്ങൾ എത്താറില്ല.

കോൺക്രീറ്റ് കഴിഞ്ഞിട്ട് ഒരു മാസം

1.മൂന്ന് മീറ്റർ വീതിയിൽ റോഡ് കോൺക്രീറ്റ് ജോലി പൂർത്തികരിച്ച് ഒരു മാസം കഴിഞ്ഞിട്ടും കരാറുകാരൻ റോഡിന്റെ വശങ്ങൾ ഗ്രാവൽ ഉപയോഗിച്ച് നിരപ്പാക്കിയില്ല

2.റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വശങ്ങൾ ഉയർത്തുന്ന ജോലി ആരംഭിക്കാൻ വൈകുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിന് രൂപം നൽകിയിരുന്നു

3.ഇതിനെ തുടർന്ന് കരാറുകാരൻ ഇന്നലെ ജോലികൾ ആരംഭിച്ചു. ഒരേ സമയം രണ്ട് വാഹനങ്ങൾ നേർക്ക് നേർ വന്നാൽ സൈഡ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

"പ്രതിഷേധ സമരത്തിന് രൂപം കൊടുത്തതിനെത്തുടർന്നാണ്, നിലച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചത്.

- രാജേഷ്, പ്രദേശവാസി

അനുവദിച്ച തുക: 2.01കോടി

റോഡിന്റെ നീളം: 900മീറ്റർ