ആലപ്പുഴ : നെഹ്രുട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിലെ വി.ഐ.പി പവിലിയൻ ജീർണാവസ്ഥയി​ലായി​ട്ടും പരി​ഹാരത്തി​ന് ശ്രമി​ക്കാതെ അധി​കൃതർ. മേൽക്കൂരയിലെ തുരുമ്പെടുത്ത ഇരുമ്പ് കേഡറുകളും ഷീറ്റുകളും ഏത് സമയവും നിലംപൊത്താം. മത്സരവള്ളംകളിനടക്കുമ്പോൾ മഴപെയ്താൽ ചോർന്ന് ഒലിക്കുന്ന ഭാഗത്ത് കുടചൂടി നിൽക്കേണ്ടി​ വരും. നാല് പതിറ്റാണ്ടു മുമ്പാണ് പുന്നമടയിലെ ഫിനിഷിംഗ് പോയിന്റിൽ സ്ഥിരം പവിലിയൻ നിർമ്മിച്ചത്.

ഫിനിഷിംഗ് പോയിന്റിന്റെ കിഴക്ക് ഭാഗത്ത് കായൽ നികത്തി പവിലിയനും നെഹ്രുവിന്റെ പ്രതിമയും സ്ഥാപിക്കുകയായി​രുന്നു. അറ്റകുറ്റപ്പണി നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയി​ലേക്ക് നയി​ച്ചത്.

നെഹ്രു പ്രതിമയ്ക്ക് ചുറ്റും കാടുകയറി. 2018ന് മുമ്പ് പവിലിയൻ വാർഷിക വാടകയ്ക്ക് നൽകിയെങ്കിലും പിന്നീട് കമ്മിറ്റി ചേരാത്തതിനാൽ അനാഥമായി കിടക്കുകയാണ്. നെഹ്രുട്രോഫി വള്ളംകളി എത്തുമ്പോൾ മാത്രം കാടുവെട്ടി തെളിക്കുകയാണ് പതിവ്. നിലവിലുള്ള പവിലിയൻ വള്ളംകളി പ്രേമികൾക്ക് അപമാനമായി മാറുമ്പോഴും നെഹ്രുട്രോഫി ബോട്ട് റേസ് കമ്മിറ്റിയും ടൂറിസം വകുപ്പും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.

എങ്ങുമെത്താതെ വാട്ടർ പവിലിയൻ

1.കോൺക്രീറ്റ് തൂണിൽ ഇരുനില വാട്ടർ പവിലിയൻ നിർമ്മിക്കാനായി 12 വർഷം മുമ്പ് കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പിന് സമർപ്പിച്ച 110 കോടി രൂപയുടെ പദ്ധതി കടലാസിലൊതുങ്ങി

2.ക്രിസ്റ്റി ഫെർണാണ്ടസ് കേന്ദ്ര ടൂറിസം ഡയറക്ടറായിരുന്നപ്പോഴാണ് ജലോത്സവ പ്രേമികൾ വള്ളംകളിയുടെ ഖ്യാതിക്ക് ചേരുന്ന രീതിയിലുള്ള വിപുലമായ പദ്ധതി സമർപ്പിച്ചത്

3.നിലവിലുള്ള പവിലിയൻ പൊളിച്ച് നീക്കി മണൽ നീക്കം ചെയ്ത് കോൺക്രീറ്റ് തൂണിൽ 200 മീറ്റർ നീളത്തിൽ ഇരുനിലയിൽ വാട്ടർ പവിലിയൻ നിർമ്മിക്കാനായിരുന്നു പദ്ധതി

4.പടിഞ്ഞാറെ കരയിൽ നിന്ന് ജലഗതാഗതത്തിന് തടസമുണ്ടാകാത്ത തരത്തിൽ പവിലിയനിലേയ്ക്ക് തൂക്കുപാലം, കുട്ടനാടൻ വിഭവങ്ങളുമായി റെസ്റ്റോറന്റ്, കോൺഫറൻസ് ഹാൾ, നെഹ്രു പ്രതിമ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു

വള്ളംകളിക്ക് മുമ്പ് വി.ഐ.പി പവിലിയന്റെ അറ്റകുറ്റപ്പണി, പോഞ്ഞിക്കര ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ താൽക്കാലിക പവിലിയൻ നിർമ്മാണം തുടങ്ങി​യവ നടത്തുന്നതി​ന് കളക്ടറുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന ഉടൻ നടത്തും

- സജീവ്, എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്

പുന്നമടയിലെ വികസനത്തിന് പ്രഖ്യാപിക്കുന്ന പദ്ധതികൾ നേടിയെടുക്കുന്നതിന് ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും മുൻകൈ എടുക്കണം. പദ്ധതി പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിന് അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനത്തിന് രൂപരേഖ തയ്യാറാക്കണം.

- ബേബി പാറക്കാടൻ, നെഹ്രുട്രോഫി ബോട്ട് റേസ് കമ്മിറ്റി അംഗം