
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുഖ്യകവാടം മുതൽ അത്യാഹിത വിഭാഗം വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. ദേശീയപാതയിൽ നിന്ന് ആംബുലൻസ് ഉൾപ്പടെ നിരവധി വാഹനങ്ങൾ രോഗികളുമായി ദിവസേന വന്നുപോകുന്ന
റോഡാണ് തകർന്നുകിടക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന വാഹനങ്ങൾ റോഡിലെ കുഴിയിൽ വീഴുന്നത് നിത്യസംഭവമാണ്. ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട രോഗികളും ഗർഭിണികളും ആശുപത്രിയിലെത്തുന്ന റോഡ് അറ്റകുറ്റപ്പണി നടത്താത്തത് ഇവരോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാണ്. മഴക്കാലമായതോടെ റോഡും കുഴിയും തമ്മിൽ തിരിച്ചറിയാൻ കഴിയാതായിട്ടുണ്ട്. കുഴികളിൽ വീണ് രോഗികൾക്ക് പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പുതിയ സംഭവമല്ല. പ്രവേശന റോഡുപോലും വർഷങ്ങളായി തകർന്നുകിടക്കുന്നത് ആശുപത്രിയോടുള്ള അധികൃതരുടെ അവഗണനയുടെ ഉത്തമ ഉദാഹരണമാണെന്ന് നാട്ടുകാരും രോഗികളും ഒരുപോലെ പറയുന്നു.
എം.എൽ.എയ്ക്കും വിലയില്ല
നാട്ടുകാരുടെയുടെ രോഗികളുടെയും പരാതിയെ തുടർന്ന് ആറ് മാസങ്ങൾക്ക് മുമ്പ്
എച്ച്.സലാം എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് റോഡിന്റെ അറ്റകുറ്റപണി ഉടൻ നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, എം.എൽ.യുടെ നിർദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ചികിത്സാപിഴവ് ഉൾപ്പടെയുള്ള വിവാദങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുഖ്യകവാടം മുതൽ രോഗികളും ഗർഭിണികളും ദുരിതം അനുഭവിച്ചു തുടങ്ങണമെന്നതാണ് നിലവിലെ സ്ഥിതി.