
അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര കുറവൻതോട് ഭാഗത്ത് നിർമ്മാണത്തിനിടെ പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ പ്രദേശമാകെ തടാകമായി. കുടിവെള്ള വിതരണവും മുടങ്ങി. ജെ.സി.ബി ഉപയോഗിച്ച് ദേശീയപാത നിർമ്മാണം നടത്തുന്നതിനിടെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പൈപ്പ് പൊട്ടിയത്. പുന്നപ്രയുടെ കിഴക്കൻ ഭാഗങ്ങളിലെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. വെള്ളം കെട്ടിക്കിടന്ന് വ്യാധികൾ പടരുമോ എന്ന ആശങ്കയുമുണ്ട്. വെള്ളക്കെട്ട് കാരണം വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നില്ലെന്ന പരാതിയും വ്യാപാരികൾക്കുണ്ട്.