chathanad

ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തിയ ഒരു സ്ഥാപനം അടപ്പിച്ചു. ചാത്തനാട് വാർഡിൽ പ്രവർത്തിക്കുന്ന ചപ്പാത്തി നിർമ്മാണ സ്ഥാപനത്തിലെ അടുക്കളയും പരിസരവും മാലിന്യങ്ങളും ചപ്പാത്തി മലിനജലത്താൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി. മലിനജല ടാങ്ക് പൊട്ടി ഒലിച്ച് പരിസരം മുഴുവൻ അഴുക്ക് വെള്ളം നിറഞ്ഞ നിലയിലായിരുന്നു തൊഴിലാളികൾ മാസ്‌ക്, ഏപ്രൺ എന്നിവ ഉപയോഗിച്ചിരുന്നില്ല. ബാത്ത് റൂമിലെ മലിനജലം കെട്ടിടത്തിനു ചുറ്റും കെട്ടിക്കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടപ്പിച്ചു.. ചാത്തനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വൈ.എം.സി.എ കോമ്പൗണ്ടിലെ ഹോട്ടലിൽ , ഫ്രിഡ്ജിനുള്ളിൽ ആഹാരസാധനങ്ങൾ ഒന്നിച്ചു സൂക്ഷിച്ചിരിക്കുന്നതായും അടുക്കള വൃത്തിഹീനമായതായും കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്ത സാഹചര്യത്തിൽ, പൊതു ശുചീകരണ ന്യൂനതകൾ പരിഹരിക്കുന്നതിനും ലൈസൻസ് എടുക്കുന്നതിനും നോട്ടീസ് നൽകി.ഹെൽത്ത് ഇൻസ്‌പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പി.എച്ച്.ഐമാരായ ഒ.സാലിൻ, എ.ജെ.ജസീന, ബി.ഷാലിമ എന്നിവർ പങ്കെടുത്തു.