
മാന്നാർ: പ്രവാചകനായ ഇബ്രാഹിം നബി പുത്രനായ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്പന മാനിച്ച് ബലിനൽകാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ ദിനത്തിൽ പുതുവസ്ത്രങ്ങൾ അണിഞ്ഞ് രാവിലെ തന്നെ നിസ്കാരത്തിനായി പള്ളികളിൽ എത്തിയ വിശ്വാസികൾ കൂട്ടമായി തക്ബീർ ധ്വനികൾ ഉയർത്തി പെരുന്നാളിനെ വരവേറ്റു. അള്ളാഹുവിന്റെ കല്പനപ്രകാരം സ്വന്തം പുത്രനെ ബലി കൊടുക്കാൻ തയ്യാറായ ഇബ്രാഹിമിന്റെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ജീവിതം അനുസ്മരിച്ച ഇമാമുമാർ, ദൈവീക സ്മരണ നിലനിർത്തി ജീവിതത്തിൽ സൂക്ഷ്മത പുലർത്തുവാനും മാനുഷിക മൂല്യങ്ങൾ മുറുകെപ്പിടിക്കുവാനും വിശ്വാസികളോട് പെരുന്നാൾ ഖുതുബയിലൂടെ ഉദ്‌ബോധിപ്പിച്ചു. പെരുന്നാൾ നിസ്‌കാരാനന്തരം പരസ്പരം ആശ്ലേഷിച്ച് സ്നേഹവും സന്തോഷവും പങ്കിട്ടു.
മാന്നാർ പുത്തൻ പള്ളിയിൽ ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, കൗൺസിൽ ചെയർമാൻ ഹാജി ഇക്ബാൽ കുഞ്ഞ് എന്നിവർ പെരുന്നാൾ സന്ദേശം നൽകി. മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിൽ ചീഫ് ഇമാം കെ.സഹലബത്ത് ദാരിമിയും, കുരട്ടിക്കാട് ജുമാ മസ്ജിദിൽ നിസാമുദ്ദീൻ നഈമിയും, ഇരമത്തൂർ ജുമാമസ്ജിദിൽ ചീഫ്ഇമാം അബ്ദുൽ ബാസിത് സഖാഫിയും, പാവുക്കര ജുമാമസ്ജിദിൽ ചീഫ് ഇമാം നൗഫൽ ഫാളിലിയും, മാന്നാർ സലഫി ജുമാ മസ്ജിദിൽ അമ്പലപ്പുഴ സലിം മൗലവിയും പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകി.