vazha-natt-prathishedham

മാന്നാർ: തകർന്ന് കിടക്കുന്ന പരുമലക്കടവ്-കടപ്രമഠം സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാന്നാർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന 3,5 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിൽ ഏറ്റവും കൂടുതൽ തകർന്ന് കിടക്കുന്ന ഓടാട്ട് ക്ഷേത്ര ജംഗ്ഷൻ ഭാഗത്താണ് വാഴ നട്ടത്. പരുമലക്കടവ്-കടപ്രമഠം റോഡിൽ അഞ്ചാം വാർഡിൽപ്പെട്ട കോളച്ചാൽ കലുങ്ക് വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് പുനർ നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ടിൽ 7.5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു വാഴ നടീൽ. മണ്ഡലം ജോ.സെക്രട്ടറി അനീസ് നാഥൻപറമ്പിൽ പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളായ ഷാനവാസ്‌ മാന്നാർ, റഹീം ചാപ്രയിൽ, കൃഷ്ണകുമാർ, ശിഹാബ് ഇരമത്തൂർ, നിസാം, സഫർ, ഷഫീക്, നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.