tur

തുറവൂർ: ജന്മനാവിയർപ്പ് ഗ്രന്ഥികളില്ലാതെ ദുരിതം അനുഭവിക്കുന്ന ചിഞ്ചുമോൾക്ക് വീടുവയ്ക്കാൻ മൂന്ന് സെന്റ് സ്ഥലം വാങ്ങി നൽകി അമേരിക്കൻ മലയാളി അസോസിയേഷൻ (ഫോമ) പ്രവർത്തകർ. എഴുപുന്ന പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ആന്റണിയുടെ മകളാണ് ചിഞ്ചുമോൾ. ദെലീമ ജോജോ എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരമാണ് കുത്തിയതോട് പഞ്ചായത്തിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി ചിഞ്ചുവിന് നൽകിയത്.

ചിഞ്ചുവിന്റെ അമ്മയുടെ കുടുംബ വീതം ഇരിക്കുന്ന സ്ഥലം റെയിൽവേ പാത ഇരട്ടിപ്പിക്കലിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഈ സ്ഥലത്ത് വീട് വയ്ക്കാൻ സാദ്ധ്യമല്ലാത്തതിനാൽ ഏത് സമയവും അവിടെനിന്ന് ഒഴിഞ്ഞു പോകേണ്ട അവസ്ഥയാണ്. ഏതുസമയത്തും നിലം പൊത്താവുന്ന ഷെഡിലാണ് ചിഞ്ചുമോളുടെ ഇപ്പോഴത്തെ താമസം.

അരൂർ പഞ്ചായത്തിലെ പീറ്റർ - സെലിൻ പീറ്റർ ദമ്പതികളാണ് സൗജന്യ നിരക്കിൽ അമേരിക്കൻ മലയാളി അസോസിയേഷന് വസ്തു കൈമാറിയത്. ഇന്നലെ കുത്തിയതോട് സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന ആധാരം കൈമാറ്റ ചടങ്ങിൽ ദെലീമ ജോജോ എം.എൽ.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി, വൈസ് പ്രസിഡന്റ് ആർ.ജീവൻ, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, ഫോമ പ്രസിഡന്റ് ഡോ.ജേക്കബ്, സി.പി.എം കുത്തിയതോട് എൽ.സി സെക്രട്ടറി പി.സലിംകുമാർ, വി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.