
ഹരിപ്പാട് : മുട്ടം ജംഗ്ഷനിൽ നിന്ന് തുടങ്ങി നാലുകെട്ടുംകവല വരെ പുഞ്ചപ്പാടശേഖരത്തിന് നടുവിലൂടെയുള്ള എൻ.ടി.പി.സി റോഡിലൂടെയുള്ള സഞ്ചാരം പ്രദേശവാസികൾക്ക് പേടി സ്വപ്നമാകുന്നു. പിടിച്ചുപറിയും ലഹരി മാഫിയയുമാണ് സ്വൈരജീവിതത്തിന് തടസമാകുന്നത്.
കഴിഞ്ഞ മേയ് 25ന് രാത്രി സ്കൂട്ടർ യാത്രക്കാരിയെ മറ്റൊരു വാഹനത്തിലെത്തി ഇടിച്ചുവീഴ്ത്തിയ ശേഷം മൂന്നു പവന്റെ ആഭരണങ്ങൾ കവർന്നിരുന്നു. രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ, കരിപ്പുഴ നാലുകെട്ടും കവലക്കൽ രവിയുടെ മകൾ ആര്യ (23) ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ പിന്നിലൂടെ മറ്റൊരുസ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം ഇടിച്ചുവീഴ്‌ത്തി. തെറിച്ചുവീണ ആര്യയെ രക്ഷിക്കാൻ എന്ന വ്യാജേന അടുത്തെത്തി ഒരു കാലിലെ പാദസരം ബലമായി ഊരിയെടുത്തു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആര്യയെ മുടിയിൽ കുത്തിപ്പിടിച്ച് മറ്റേ കാലിൽക്കിടന്ന പാദസരവും പൊട്ടിച്ചെടുക്കുകയും രണ്ട് മോതിരവും ബ്രേസ്‌ലെറ്റും ബലമായി ഊരിയെടുക്കുകയും ചെയ്തു. ആരുമായും ബന്ധപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ ചെളിയിലേക്ക് വലിച്ചെറിഞ്ഞു. കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് പിന്നീട് ചെയ്തിരുന്നു. കരുവാറ്റ വടക്ക് കൊച്ചുകടത്തശേരിൽ പ്രജിത്ത് (37), ഭാര്യ രാജി എന്നിവരാണ് കരീലക്കുളങ്ങര പൊലീസിന്റെ പിടിയിലായത്.
അപരിചിതരുടെ സാന്നിദ്ധ്യവും
ലഹരി ഉപയോഗവും
പുഞ്ചപ്പാടത്തിന് നടുവിലൂടെയുള്ള റോഡായതിനാൽ ശുദ്ധവായു ശ്വസിക്കാമെന്ന ധാരണയിൽ ധാരാളംപേർ പ്രഭാതസവാരിക്കും സന്ധ്യാസവാരിക്കും ഉപയോഗിക്കുന്ന സ്ഥലം കൂടിയാണിവിടം. മീൻ പിടിക്കാൻ എന്ന വ്യാജേന, നാട്ടിൽ പരിചയമില്ലാത്ത ധാരാളം യുവതീയുവാക്കൾ രാപ്പകൽ വ്യത്യാസമില്ലാതെ പുഞ്ചയോരത്ത് ചുറ്റിത്തിരയാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതായി പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്, ചേപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
പിടിച്ചുപറി ശല്യം അവസാനിപ്പിക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം. ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കും
- ജോൺ തോമസ്, ജില്ലാ പഞ്ചായത്തംഗം