ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പണ്ടാരക്കളം മേൽപ്പാലം ഭാഗത്ത് നവീകരണത്തിന് തടസമായി നിൽക്കുന്ന ഹൈപവർ വൈദ്യുതി ലൈൻ ഉയർത്താനുള്ള നടപടികൾ പുരോഗതിയിൽ. എട്ട് പൈലുകളിലായി ടവർ നിർമ്മിച്ച് വൈദ്യുതി ലൈൻ ഉയർത്തുകയാണ് ലക്ഷ്യം. ഇതിൽ ആദ്യ പൈലിംഗ് പൂർത്തിയായി. കാലാവസ്ഥ അനുകൂലമെങ്കിൽ ശേഷിക്കുന്ന പൈലുകൾ നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 60മുതൽ 70മീറ്റർ ആഴത്തിലാണ് പൈലിംഗ് നടക്കുന്നത്. ഇതിന് ശേഷം പൈൽ ക്യാപ്പ്, കോൺക്രീറ്റ്, ടവർ എന്നിവയുടെ ജോലികൾ നടക്കും.
നിലവിലെ വൈദ്യുതിലൈനുമായി മേൽപ്പാലത്തിന് നിശ്ചിത അകലമില്ലാത്തതിന്റെ അപകട സാദ്ധ്യത കണക്കിലെടുത്താണ് പുതിയ ഹൈടെൻഷൻ ടവർ സ്ഥാപിക്കുന്നത്. നിലവിൽ പാലത്തിൽ നിന്ന് നാലുമീറ്റർ ഉയരം മാത്രമാണ് ഹൈടെൻഷൻ ലൈനിനുള്ളത്. 5മീറ്റർ കൂടി ഉയരത്തിലാണ് പുതിയ ടവർ സ്ഥാപിക്കുന്നത്. 2.68 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. വൈദ്യുതി ട്രാൻസ്മിഷൻ വിഭാഗത്തിന് കെ.എസ്.ടി.പി പണം കൈമാറിയിട്ടുണ്ട്.
കാര്യങ്ങൾ ഇനി ഉഷാറാകും
1.പത്തു മാസമായി മേൽപ്പാലത്തിന്റെ നിർമാണം മന്ദഗതിയിലായിരുന്നു. നിർമ്മാണം നടക്കുന്ന പണ്ടാരക്കളം മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്ത് കൂടിയാണ് ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നത്. ലൈൻ താഴ്ന്ന് കിടക്കുന്നതിനാൽ ക്രെയിൻ ഉപയോഗിച്ച് ഗർഡർ സ്ഥാപിക്കാൻ കഴിയുമായിരുന്നില്ല
2.മേൽപ്പാലത്തിന്റെ ഇരുവശത്തും പാടത്തിന് നടുവിലുമാണ് നിലവിൽ ടവറുകൾ ഉള്ളത്. പാലത്തിനോട് ചേർന്ന് ഇടതുഭാഗത്ത് പുതിയ ടവർ നിർമ്മിച്ച് ലൈൻ കണക്ട് ചെയ്തശേഷം പാടത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന ടവർ പൊളിച്ചു നീക്കും. ഇതിന് നാലുമാസത്തോളം വേണ്ടിവരും
3. ടവറിന്റെ ഫൗണ്ടേഷനും ഇതര നിർമ്മാണങ്ങളും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ചെയ്യുന്നത്. അഞ്ചുമേൽപ്പാലങ്ങളിൽ നാലും പൂർത്തിയായി ഗതാഗതത്തിന് തുറന്നു. പണ്ടാരക്കളം മേൽപ്പാലം മാത്രമാണ് ഇനിയുള്ളത്
എട്ട് പൈലിന്റെയും നിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് മാസം വേണ്ടിവരും. ടവർ സ്ഥാപിച്ച് ഷട്ട്ഡൗൺ ചെയ്ത ശേഷമേ ലൈൻ മാറ്റി സ്ഥാപിക്കാൻ കഴിയു. നാലുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം
ദിവ്യ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ടി.പി
ടവർ
അധിക ഉയരം: 5 മീറ്റർ
ചെലവ്: ₹ 2.68 കോടി
പൈൽ
ആകെ: 8
പൂർത്തിയാക്കിയത് : ഒന്ന്
ആഴം: 60 - 70 മീറ്റർ