ആലപ്പുഴ : ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണ് ക്ഷാമം തുടരുന്നതിനിടെ, തോട്ടപ്പള്ളി ലീഡിംഗ് കനാലിനൊപ്പം വേമ്പനാട്ട് കായലിലും ഡ്രഡ്ജിംഗ് നടത്താൻ ജില്ലാ ഭരണകൂടം സർക്കാർ അനുമതി തേടി. കളക്ടർ നേരിട്ടാണ് ഖനനാനുമതിയ്ക്കുള്ള ശുപാർശ സർക്കാരിന് നൽകിയത്.

ആലപ്പുഴയിൽ ദേശീയപാതനിർമ്മാണം നടക്കുന്ന നാല് റീച്ചുകളിൽ മണ്ണ് ക്ഷാമം രൂക്ഷമാണ്. ദേശീയപാത നിർമ്മാണകമ്പനി റോഡ് നിർമ്മാണത്തിനാവശ്യമായ മണ്ണ് കണ്ടെത്താൻ ജില്ലയിലെ കുന്നുകൾ ഇടിക്കാൻ ശ്രമം നടത്തിയെങ്കിലും മറ്റപ്പള്ളിയിലുൾപ്പെടെ പ്രാദേശികമായ എതിർപ്പ് കാരണം നടക്കാതെ പോയതോടെയാണ് കായലും സ്പിൽവേ ചാനലും കുഴിച്ച് മണ്ണ് കണ്ടെത്താൻ നീക്കം തുടങ്ങിയത്. മണ്ണുംമാലിന്യങ്ങളും നിറഞ്ഞ് വേമ്പനാട്ട് കായലിന്റെ സംഭരണ ശേഷി കുറഞ്ഞത് വെള്ളപ്പൊക്കത്തിനും മത്സ്യസമ്പത്തിന്റെ വംശനാശത്തിനും പരിസ്ഥിതിപ്രശ്നങ്ങൾക്കും കാരണമാകുന്നതായി പഠനറിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവിടെ ഖനനം നടത്താൻ ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയത്.

12 കിലോമീറ്റർ ദൈർഘ്യമുള്ള തോട്ടപ്പള്ളിലീഡിംഗ് കനാലിൽ നിന്ന് ഒന്നരമീറ്റർ ആഴത്തിൽ മണ്ണെടുക്കാമെന്നാണ് കരുതുന്നത്. 2.75 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് കൂടി എടുക്കാനാണ് പദ്ധതി.

ഖനനത്തിന് മുമ്പ് പഠനം

1. ഒരുമീറ്ററെങ്കിലും കുഴിച്ച് എക്കലും മണ്ണുംചെളിയും മാലിന്യങ്ങളും നീക്കംചെയ്യാനും ഖനനത്തിന് മുമ്പ് വിദഗ്ദ്ധസമിതിയെ പഠനത്തിന് നിയോഗിക്കാനുമാണ് ശുപാർശ.

2. ഖനനത്തിന് പാരിസ്ഥിതികാനുമതി നിർബന്ധമാക്കുന്ന ഉത്തരവിൽ നിന്ന് ദേശീയപാത നിർമ്മാണത്തിന് സുപ്രീംകോടതി ഇളവ് നൽകിയിരുന്നു

3. എന്നാൽ, കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിട്ടിയുടെ ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനാൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നൽകുന്നില്ല

4. 2025ൽ നവംബറിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ദേശീയപാതയുടെ കരാർ. ആലപ്പുഴ ജില്ലയിലുൾപ്പെടെ പതിനേഴ് റീച്ചുകളിലാണ് മണ്ണ് ക്ഷാമം പ്രതിസന്ധിയായത്

6

കായലിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും ഖനനം ചെയ്യുന്നതിലൂടെ 6ലക്ഷം ക്യുബിക് മീറ്ററിലധികം മണ്ണ് കണ്ടെത്താമെന്നാണ് കരുതുന്നത്

ജില്ലയിലെ റീച്ചുകൾ

1.കൊല്ലം ബൈപ്പാസ്-കൊറ്റുകുളങ്ങര

2.കൊറ്റുകുളങ്ങര-പറവൂർ

3.പറവൂർ-തുറവൂർ തെക്ക്

4.തുറവൂർ-അരൂർ എലിവേറ്റ‌ഡ് ഹൈവേ

വേമ്പനാട്ട് കായൽ

 വിസ്തൃതി : 206.30 ചതുരശ്ര കിലോമീറ്റ‌ർ

 തണ്ണീ‍ർമുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് 1930-ൽ ആഴംശരാശരി എട്ടു മീറ്റ‍ർ

 ഇപ്പോൾ 1.8 മീറ്ററായി കുറഞ്ഞു

വേമ്പനാട്ട് കായലും തോട്ടപ്പള്ളി സ്പിൽവേയും ഡ്രഡ്ജ് ചെയ്യാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ തലത്തിലാണ് തീരുമാനമെടുക്കേണ്ടത്. വിദഗ്ദ്ധ പഠനത്തിന് വിധേയമായാകും ഡ്രഡ്ജിംഗ്

- അലക്സ് വർഗീസ്,​ ജില്ലാ കളക്ടർ