ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര, കുട്ടനാട് എന്നീ വിദ്യാഭ്യാസ ജില്ലകളിൽ വിരമിച്ച ഡി.ഇ.ഒമാർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ പ്രധാന ഫയലുകളിൽ തീർപ്പാക്കാനാകുന്നില്ല.

ആലപ്പുഴ ഡി.ഇ.ഒ ഏപ്രിൽ 30നും മാവേലിക്കര, കുട്ടനാട് ഡി.ഇ.ഒമാർ മേയ് 31നുമാണ് വിരമിച്ചത്. ചേർത്തലയിൽ മാത്രമാണ് ജില്ലയിൽ നിലവിൽ ഡി.ഇ.ഒ ഉള്ളത്.

ദൈനംദിന കാര്യങ്ങൾ നോക്കുന്നതിനായി എ.ഇ.ഒമാർക്ക് താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ഇവർക്ക് പ്രധാന ഫയലുകളിലും അപ്പീൽ അപേക്ഷകളിലും തീർപ്പ് കല്പിക്കാനുള്ള അധികാരം ഇല്ല. കഴിഞ്ഞ 31ന് ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലെയും പ്രഥമാദ്ധ്യാപകർ വിരമിച്ചിരുന്നു. ഇവർക്ക് പകരം ചുമതലയേറ്റവരുടെ നിയമനം അംഗീകരിക്കാൻ കഴിയാത്തതും പ്രതിസന്ധി ഉണ്ടാക്കുന്നു. വിദ്യാഭ്യാസ വകുപ്പിൽ ലഭിക്കുന്ന അപേക്ഷകളിൽ 15ദിവസത്തിനുള്ളിൽ തീർപ്പ് കല്പിക്കണമെന്നാണ് നിയമം. പ്രഥമാദ്ധ്യാപകരുടെ നിയമനാംഗീകാരം കിട്ടാത്ത സ്കൂളുകളിലെ ശമ്പള ബിൽ ഒപ്പിട്ട് പാസാക്കാനുള്ള ചുമതല സ്കൂളിന്റെ പരിധിയിലുള്ള എ.ഇ.ഒമാർക്കാണ്. ഇവർ ബില്ലുകൾ പരിശോധിച്ച് അംഗീകാരം നൽകാൻ വൈകുന്നുണ്ട്.

പുതിയ ഡി.ഇ.ഒമാരുടെ നിയമനത്തിനായി, സ്ഥാനക്കയറ്റം ലഭിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി.പി.ഐയിൽ സമർപ്പിച്ച് അംഗീകാരം വാങ്ങാൻ കുറഞ്ഞത് രണ്ട് മാസം വേണം. കഴിഞ്ഞ ആഴ്ചയാണ് പുതിയ ഡി.ഡി.ഇ ചുമതലയേറ്റത്.