ആലപ്പുഴ: ഗാർഹിക പീഡന പരാതികൾ വർദ്ധിക്കുന്നതായും ലിംഗസമത്വം സംബന്ധിച്ച ബോധവത്കരണം കുട്ടികളിൽ നിന്ന് തന്നെ തുടങ്ങണമെന്നും വനിത കമ്മീഷൻ അംഗം വി.ആർ.മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെൻഡർപാർക്ക് ഹാളിൽ നടന്ന ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. വിവാഹം കഴിഞ്ഞ് കുറച്ചു കഴിയുമ്പോൾ സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്ന പ്രവണതയുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചവർ പോലും സ്ത്രീധനം ചോദിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചുവച്ച് വിവാഹം ചെയ്തതു സംബന്ധിച്ച പരാതി അദാലത്തിൽ എത്തി. മറ്റൊരു പരാതിയിൽ, ഭാര്യയും മക്കളുമുള്ളപ്പോൾ തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വിദേശത്ത് കൊണ്ടു പോയി 15 വർഷം അവർക്കൊപ്പം വിദേശത്ത് ജീവിച്ച് തിരികെ നാട്ടിൽ എത്തിയ ശേഷം തന്റെ വീട്ടിൽ പോയി തിരിച്ചു വരാമെന്ന് ഉറപ്പു നൽകി ഭാര്യയെയും മക്കളെയും സ്വന്തം വീട്ടിലേയ്ക്ക് അയച്ച് ഭർത്താവ് വഞ്ചിച്ചത് സംബന്ധിച്ച പരാതിയും അദാലത്തിൽ പരിഗണിച്ചു. രണ്ടു കേസുകളും പൊലീസ് റിപ്പോർട്ടിനായി അയച്ചു.

സിറ്റിംഗിൽ 69 കേസുകൾ പരിഗണനയിൽ വന്നതിൽ 25 എണ്ണം തീർപ്പാക്കി. പൊലീസ് റിപ്പോർട്ടിനായി 12 കേസുകൾ അയച്ചു. 32 കേസുകൾ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി. അഭിഭാഷകരായ ജിനു ഏബ്രഹാം, രേഷ്മ ദിലീപ്, കൗൺസലർമാരായ സായൂജ്യ, ബിസ്മിത, വനിതാ കമ്മീഷൻ ജീവനക്കാരായ എസ്.രാജേശ്വരി, ജി.ശ്രീഹരി എന്നിവർ പങ്കെടുത്തു.