ആലപ്പുഴ : പള്ളാത്തുരുത്തി വാർഡ് വളത്തിൽ വീട്ടിൽ ശശി നിത്യവൃത്തിക്ക് വേണ്ടി ആക്രി പെറുക്കൽ ഉപജീവനമാക്കിയപ്പോൾ ആശ്വാസമായത് വേമ്പനാട്ടുകായലിനും. കായലിൽ ദിനം പ്രതി ഒഴുകിയത്തുന്ന പ്ലാസ്റ്റിക്ക് കുപ്പികളടക്കം ശേഖരിച്ച് വിലപന നടത്തിയാണ് ശശി കഴിയുന്നത്. ഇതുവഴി കായലിലെ പ്ളാസ്റ്റിക് മാലിന്യത്തിനും ഒരു പരിധി വരെ പരിഹാരമാകുന്നു.
മുമ്പ് മണൽ വാരി ഉപജീവനം നടത്തിയിരുന്ന ശശി, ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെയാണ് ആക്രി പെറുക്കലിലേക്ക് തിരിഞ്ഞത്. കരയിൽ അന്യസംസ്ഥാനക്കാരടക്കം ആക്രി പെറുക്കലിൽ സജീവമായതിനാൽ ശശി തന്റെ പ്രവർത്തനമേഖലയായി വേമ്പനാട് കായലിനെ തിരഞ്ഞെടുത്തു. സഞ്ചാരികൾ ധാരാളമായി ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുന്ന സീസണിൽ ധാരാളം പ്ലാസ്റ്റിക്ക് കുപ്പികൾ ലഭിക്കും. ചില ദിവസങ്ങളിൽ ചാക്കിൽ തലപ്പൊക്കം വരെ കുപ്പികൾ ശശി നിറയ്ക്കാറുണ്ട്. വള്ളത്തിന്റെ ദിവസ വാടകയായ അമ്പത് രൂപ കഴിഞ്ഞുകിട്ടുന്ന തുക കൊണ്ടാണ് ശശി കുടുംബം പുലർത്തുന്നത്. ഭാര്യ : വത്സല. ഏക മകൻ രൂപേഷ് മുമ്പ് എസ്.സി പ്രൊമോട്ടറായിരുന്നു. കരാർ കാലാവധി കഴിഞ്ഞതോടെ ചെറിയ വള്ളത്തിൽ ടൂറിസ്റ്റുകളെ നാടൻ കാഴ്ച്ചകൾ കാണിച്ചാണ് ഇപ്പോൾ വരുമാനം കണ്ടെത്തുന്നത്. പട്ടികജാതി വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയ വീട്ടിലാണ് മൂന്നംഗ കുടുംബം താമസിക്കുന്നത്.