ആലപ്പുഴ: വൈദ്യുതി ബിൽ കുടിശികയുടെ പേരിൽ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതോടെ ഗൃഹനാഥന്റെ പ്രമേഹചികിത്സയുൾപ്പടെ അവതാളത്തിലായി. ഉടൻ പണമടയ്ക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ക്യാൻസർ രോഗബാധിത ഉൾപ്പടെ നാല് രോഗികളുള്ള കുടുംബത്തോട് കെ.എസ്.ഇ.ബി ജീവനക്കാർ കരുണ കാട്ടിയില്ലെന്നും പരാതിയുണ്ട്. മുട്ടാർ പഞ്ചായത്ത് മുണ്ടുവേലിച്ചിറയിൽ എം.ആർ.ഷൈലേന്ദ്രൻ,​ പ്രമേഹത്തെ തുടർന്ന് കാൽ വിരൽ മുറിച്ച് മാറ്റിയതോടെ ഒമ്പത് മാസമായി ജോലിക്ക് പോകുന്നില്ല. ഭാര്യ ആശ ക്യാൻസർ തുടർചികിത്സയിലാണ്. ഇരുവരുടെയും പിതാക്കന്മാർ രോഗികളാണ്.

ആശയുടെ അമ്മ ജാനകി ഈ മാസം ഒന്നിന് മരിച്ചു. മരണാനന്തര ചടങ്ങുകൾക്കായി കുടുംബം വൈക്കത്തായിരുന്നു. ഇതിനിടെയാണ് വൈദ്യുതി ബിൽ കുടിശികയുള്ളതിനാൽ ഫ്യൂസ് ഊരുകയാണെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ ഫോണിൽ വിളിച്ചറിയിച്ചത്. 1800 രൂപയായിരുന്നുബിൽ തുക. അന്നേദിവസം തന്ന അക്ഷയസെന്റർ വഴി ആയിരം അടച്ചു. ബാക്കി 800 രൂപ അടുത്ത ദിവസം കിടങ്ങറ കെ.എസ്.ഇ.ബി സെക്ഷനിൽ നേരിട്ടെത്തിക്കാമെന്നും, രോഗാവസ്ഥ കണക്കിലെടുത്ത് സഹകരിക്കണമെന്നും ജീവനക്കാരോട് അഭ്യർത്ഥിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന് മറുപടി നൽകി ഫ്യൂസ് ഊരി.

വൈക്കത്ത് നിന്ന് വാങ്ങിയ ഐസ് കട്ടയിൽ പൊതിഞ്ഞാണ് ഷൈലേന്ദ്രൻ ഇൻസുലിൻ വീട്ടിലെത്തിച്ചത്. എന്നാൽ,​ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ നിവർത്തിയില്ലാതെ വന്നു. തുടർന്ന് ജില്ലാ കളക്ടറെ ഉൾപ്പടെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആശയുടെ പിതാവിന് ഓർമ്മക്കുറവുള്ളതിനാൽ നിലവിളക്ക് കത്തിച്ചുവച്ചാണ് ഇരുവരും അദ്ദേഹം എഴുന്നേറ്റ് പോകാതെ കാവലിരുന്നത്.

ശേഷിക്കുന്ന ബിൽ കുടിശിക ഇന്നലെ ഷൈലേന്ദ്രൻ അടച്ചിട്ടും, പഞ്ചായത്തംഗം ഉൾപ്പടെ ബന്ധപ്പെട്ട ശേഷമാണ് വൈകുന്നേരം 5.30 ഓടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.

കുടുംബത്തിന്റെ രോഗാവസ്ഥ കണക്കിലെടുത്ത്, വെള്ളക്കരം ഒടുക്കുന്നതിൽ അധികൃതർ സാവകാശം അനുവദിച്ചിട്ടും, കെ.എസ്.ഇ.ബി ജീവനക്കാരുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് കുടുംബം പറയുന്നു. മിൽമ സൊസൈറ്റിയിലെ ജീവനക്കാരിയായ ആശയ്ക്ക് ലഭിക്കുന്ന തുഛമായ വരുമാനത്തിലാണ് രണ്ട് വിദ്യാർത്ഥികളടക്കമുള്ള കുടുംബം കഴിയുന്നത്.