vara

പൂച്ചാക്കൽ: അരൂക്കുറ്റി വേലിക്കത്ത് വീട്ടിലെ വരദരാജൻ എന്ന സാമൂഹ്യപ്രവർത്തകനെ നാടിന് നന്നായി അറിയാം. എന്നാൽ,​ അമൂല്യമായ നാണയങ്ങൾ സൂക്ഷിക്കുന്ന 'കോയിൻമാൻ' ആണെന്ന് അറിയാവുന്നത് കുറച്ചുപേർ മാത്രം. കഴിഞ്ഞ അമ്പത് വർഷമായി ശേഖരിച്ചുവച്ച

നാണയങ്ങൾ ആൽബങ്ങളിലും ടിന്നുകളിലുമായി വളരെ ശ്രദ്ധേയേടെയാണ് അദ്ദേഹം സൂക്ഷിക്കുന്നത്. വ്യത്യസ‌്തമായതെന്തും സൂക്ഷിക്കുന്ന കുട്ടിക്കാലത്തിന്റെ ശീലത്തിൽ നിന്നാണ്

നാണയ പ്രേമത്തിന്റെ തുടക്കം. പതിനഞ്ചാം വയസുമുതൽ അലഞ്ഞും അന്വേഷിച്ചുമാണ് ഓരോനാണയവും വരദരാജൻ തന്റെ ശേഖരത്തിലേക്ക് സ്വരുക്കൂട്ടിയത്. സുഹൃത്തുക്കൾ വഴി കുറേ നാണയങ്ങൾ ലഭിച്ചു. അപൂർവ്വ നാണയങ്ങളിൽ ചിലത് വലിയ വില കൊടുത്ത് വാങ്ങേണ്ടിവന്നു. ഏറ്റവും ചെറുത് മുതൽ റിസർബാങ്കിൽ 4500 രൂപ അടച്ചാൽ മാത്രം ലഭിക്കുന്ന ആയിരം രൂപയുടെ വലിയ നാണയം വരെ അദ്ദേഹത്തിന്റെ കൈയിലുണ്ട്. കൊച്ചിൻ പോർട്ടിൽ കരാർ തൊഴിലാളിയായിരുന്ന വരദരാജന്റെ (65)​ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും മക്കളെ പഠിപ്പിക്കാനും നാണയം വാങ്ങാനുമാണ് ചെലവഴിച്ചത്. മക്കൾ രണ്ടുപേർക്കും ബംഗളൂരുവിൽ ജോലിയായതോടെ കൂടുതൽ പണം ഹോബിക്കായി ചെലവഴിക്കാൻ സ്വാതന്ത്ര്യമായി. അതേസമയം, കൈയിൽ ഒരുനയാപൈസയില്ലാതെ വിഷമിച്ച സമയത്തും ലക്ഷങ്ങൾ വിലമതിക്കുന്ന ശേഖരത്തിൽ നിന്ന് ഒരുനാണയംപോലുമെടുത്ത് ചെലവഴിക്കാൻ വരദരാജൻ സമ്മതിച്ചിട്ടില്ലെന്ന് ഭാര്യ ലെെല പറയുന്നു.

അപൂർവതയുടെ ആൽബം

ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ നാണയങ്ങൾ അടങ്ങിയതാണ് വരദരാജന്റെ ആദ്യആൽബം. ഫിലിപ്പീൻസ്, ഫ്രാൻസ്,ഹോങ്കോങ്, കുവൈറ്റ്, മാൽദീവ്‌സ്, നേപ്പാൾ, ഡെന്മാർക്ക്,​ സൈപ്രസ് തുടങ്ങി ചൈന, അമേരിക്ക, കാനഡ വരെയുള്ള രാജ്യങ്ങളുടെ നാണയങ്ങൾ ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. രണ്ടാമത്തെ ആൽബം നിറയെ ഇന്ത്യയെ സംബന്ധിക്കുന്ന നാണയങ്ങളാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ നാണയങ്ങൾ മുതൽ ചോള രാജക്കന്മാരുടെ കാലത്തെയും ജോർജ് ആറാമന്റെയും അഞ്ചാമന്റെയും ഓട്ടക്കാലണയും തിരുവിതാംകൂറിലെ ഏറ്റവും ചെറിയ നാണയമായ കാശും പണവും അണയും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള എല്ലാ സ്പെഷ്യൽ കോയിൻ എഡിഷനുകളും മഹാത്മാഗാന്ധി,​ ജവഹർലാൽ നെഹ്റു,​ സുഭാഷ് ചന്ദ്രബോസ് തുടങ്ങി സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രധാനമന്ത്രിമാരുടെയും ചിത്രം ആലേഖനം ചെയ്ത ചരിത്രപ്രസിദ്ധമായ നാണയങ്ങൾ ഉൾപ്പെടെ വിപുലമായ ശേഖരമാണിത്.

നാണയങ്ങളുടെ ഇത്രയും വലിയ ശേഖരം ഉണ്ടായിട്ടും,​ പാർട്ടിയും സംഘടനാ ജീവിതത്തിനും പ്രാരാബ്ധങ്ങൾക്കുമിടയിൽ ഒരു പ്രദർശം സംഘടിപ്പിക്കാൻ ഇതുവരെ സമയം കിട്ടിയില്ല

- വരദരാജൻ

മാതൃകാജീവിതമാണ് വരദരാജൻ ചേട്ടന്റേത്. ആരോടും പരിഭവമില്ലാതെ,​ ലാളിത്യമുള്ള ഇടപെടൽ. തന്റെ സ്വകാര്യ സമ്പാദ്യം മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത

- വിനുബാബു ,​ അരൂക്കുറ്റി