ആലപ്പുഴ : ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യ, പച്ചക്കറി വില കുതിച്ചുയർന്നതിന് പിന്നാലെ ധാന്യവിലകൂടി വർദ്ധിച്ചതോടെ കുടുംബ ബഡ്ജറ്റുകൾ വീണ്ടും താളം തെറ്റുന്നു. ഒരാഴ്ച്ചയ്ക്കിടെ മത്സ്യവില ഇരട്ടിയിലധികമായാണ് ഉയർന്നത്. ഉൾപ്രദേശങ്ങളിൽ മത്തിക്ക് കിലോഗ്രാമിന് 400 രൂപയോളം ഈടാക്കുന്നുണ്ട്. താരതമ്യേന സുലഭമായ പൂവാലൻ ചെമ്മീനിനാണ് ഏറ്റവും വിലക്കുറവ്. കിലോയ്ക്ക് 300 രൂപ.

കടകളിൽ 70 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് കഴിഞ്ഞ ദിവസം മൊത്തവില 90 രൂപയായി ഉയർന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ധാന്യവിലയും കൂടിയത്. മലയാളിയുടെ പതിവ് വിഭവമായ സാമ്പാറിലുൾപ്പടെ ഒഴിവാക്കാക്കാനാകാത്ത തുവര പരിപ്പിനാണ് ഏറ്റവും വിലക്കയറ്റം. കടലയും ചെറുപയറും ഉഴുന്ന് പരിപ്പുമടക്കം സകല ധാന്യങ്ങളും തൊട്ടാൽ പൊള്ളുന്ന സ്ഥിതിയാണ്. അന്യ സംസ്ഥാനത്ത് നിന്നുള്ള വരവ് കുറഞ്ഞതും വിലവർദ്ധനവിന് വഴിവച്ചെന്ന് വ്യാപാരികൾ പറയുന്നു.

ധാന്യവില (പഴയത് - പുതിയത്)

തുവരപ്പരിപ്പ് : 150 - 180

കടല : 100 - 120

ചെറുപയർ: 135 - 160

വൻപയർ :100 - 120

ഉഴുന്ന് : 140 - 160

ഗ്രീൻപീസ് : 90 - 110

പച്ചക്കറി വില (കി.ഗ്രാമിന് രൂപയിൽ)

തക്കാളി :100

പച്ചമുളക് : 110

ക്യാരറ്റ് : 70

ബീൻസ് :140

മുരിങ്ങക്കായ : 60

ക്യാബേജ് : 60

ചെറിയ ഉള്ളി : 80

കിഴങ്ങ് : 60

സവോള :45

മത്സ്യവില (കി.ഗ്രാമിന് രൂപയിൽ)

(ദൂരമനുസരിച്ച് ഈടാക്കുന്ന പരമാവധി വിലകൾ)

മത്തി : 350 - 400

അയല : 350 - 400

ചെമ്മീൻ: 260 - 300

വറ്റ : 250 - 300

കൊഴുവ : 200

ആവോലി : 1000

കരിമീൻ : 400

ഹാർബറിൽ നിന്ന് കിലോയ്ക്ക് 310 രൂപയ്ക്കാണ് മത്തി കിട്ടുന്നത്. ലാഭം പരമാവധി കുറച്ചാൽ പോലും 350 രൂപയിൽ താഴ്ത്തി വിൽക്കാനാവില്ല

-ഷെരീഫ്, മത്സ്യക്കച്ചവടക്കാരൻ

70രൂപയ്ക്ക് കടയിൽ വിറ്റ തക്കാളിക്ക് പിറ്റേദിവസം മൊത്തവില 90 രൂപയായി. സ്റ്റോക്കെടുക്കാതെ വെറുംകൈയോടെ മടങ്ങി

-സലീം ഇസ്മയിൽ, പച്ചക്കറി കച്ചവടക്കാരൻ