1

ആലപ്പുഴ: മൂന്നടി പൊക്കത്തിൽ നായകനായ ആലപ്പി സുദർശനൻ സംവിധായകന്റെ കുപ്പായവുമണിയുന്നു. നിരവധി ഷോർട്ട് ഫിലിമുകൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ടെങ്കിലും, മുഴുനീള ചലച്ചിത്രം സംവിധാനം ചെയ്യണമെന്ന വർഷങ്ങളായുള്ള ആഗ്രഹമാണിപ്പോൾ കളർകോട് മാത്തപ്പറമ്പിൽ സുദർശനന് സഫലമായിരിക്കുന്നത്.

'കുട്ടിക്കാലം' എന്ന പേരിൽ കുട്ടികൾക്കുള്ള ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് സുദർശനൻ ഒരുക്കുന്നത്. ചിത്രീകരണം കൈനകരി, ചമ്പക്കുളം, വട്ടയാൽ സ്കൂൾ എന്നിവിടങ്ങളിലായി പൂർത്തിയായി. ചാനൽ കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധാകേന്ദ്രമായ ബാലതാരം അഭിമന്യുവാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനീഷാണ് നായകൻ. കൊല്ലം തുളസി, കുളപ്പുള്ളി ലീല, രശ്മി, പുന്നപ്ര അപ്പച്ചൻ, മധു പുന്നപ്ര, മഹാദേവൻ, സുദർശനന്റെ ഭാര്യ കെ.പി.എ.സി ഷീല, അലീന ചെറിയാൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുന്നു. നവംബറിൽ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പരിഗണയ്ക്കായി ചിത്രം അയക്കും. അതിന് ശേഷമാകും തിയേറ്റർ റിലീസ്. എസ്.ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ കഥയും നിർമ്മാണവും സുദർശനനാണ്. തിരക്കഥ, സംഭാഷണം സുബോദ് നിർവ്വഹിച്ചു. 1971ൽ ഉദയാ സ്റ്റുഡിയോയുടെ ദുർഗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുദർശനൻ ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഗഫൂർ വൈ.ഇല്യാസ് സംവിധാനം ചെയ്ത 'ചലച്ചിത്രം' എന്ന സിനിമയിൽ നായകനായി. വയലാർ നാടക വേദി, കൊല്ലം ഐശ്വര്യ, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ നാടക സമിതികളിലും കോട്ടയം കലാഭാവന, തിരുവനന്തപുരം കലാസാഗർ, കൊച്ചിൻ ഗിന്നസ് തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.