ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആധുനിക ഒ.പി ബ്ലോക്ക് ആഗസ്റ്റിൽ തുറക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും, നിലവിലെ കാലപ്പഴക്കമുള്ള കെട്ടിടം എങ്ങനെ വിനിയോഗിക്കുമെന്നതിൽ കൃത്യമായ ധാരണയില്ല. ഓപ്പറേഷൻ തിയേറ്ററും സർജറി വാർഡും പഴയ കെട്ടിടത്തിൽ നിലനിർത്താനാണ് ആലോചന. കാലാകാലങ്ങളായി നഗരസഭ കെട്ടിട നവീകരണത്തിനായി പണം മുടക്കുന്നുണ്ടെങ്കിലും, ഒരു വശം ശരിയാക്കി വരുമ്പോൾ മറുവശം ഇടിഞ്ഞുവീഴുന്ന നിലയിലാണ്. പുതിയ കെട്ടിടം ഒ.പി വിഭാഗങ്ങൾക്ക് മാത്രമായുള്ളതാണ്. മുഴുവൻ ഒ.പികളും മാറും. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് പുതിയ കെട്ടിടത്തിന്റെ 4, 5 നിലകളിൽ താൽക്കാലികമായി കിടത്തി ചികിത്സാവാർഡുകൾ സജ്ജമാക്കും. മെഡിസിൻ, പീഡിയാട്രിക്, പി.എം.ആർ വാർഡുകൾക്കായി നൂറ് ബെഡ്ഡുകളാണ് സജ്ജീകരിക്കുക. പ്രധാന ഓപ്പറേഷൻ തിയേറ്ററുകളെല്ലാം പഴയ കെട്ടിടത്തിൽ തന്നെയാവും പ്രവർത്തിക്കുക. ഒ.പി മാറുന്നതോടെ ഒഴിവുവരുന്ന ഭാഗങ്ങൾ എത്തരത്തിൽ പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇതിന് മുമ്പ് കെട്ടിത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തണം.
തിരികെയെത്തുമോ കൈവിട്ട കാത്ത് ലാബ്
ഹൃദ്രോഗ ചികിത്സയ്ക്കായി ആരോഗ്യവകുപ്പ് അനുവദിച്ച കാത്ത് ലാബ്, കെട്ടിട സൗകര്യം ഒരുക്കുന്നതിലെ വീഴ്ച കാരണമാണ് ജനറൽ ആശുപത്രിക്ക് നഷ്ടമായത്
ഇതിനായി ഒരുക്കിയിരുന്ന കെട്ടിടത്തിൽ ചോർച്ചയുണ്ടെന്നും സുരക്ഷിതമല്ലെന്നും പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കാത്ത് ലാബിലേക്കുള്ള ഉപകരണങ്ങൾ ഇവിടെ നിന്ന് മാനന്തവാടിയിലേക്ക് മാറ്റിയിരുന്നു
കാത്ത് ലാബിനായി രണ്ട് കോടി രൂപയുടെ വൈദ്യുതി സബ്‌സ്റ്റേഷനും ആശുപത്രിയിലൊരുക്കിയിരുന്നു. ഒ.പി വിഭാഗങ്ങൾ മാറുന്ന ഒഴിവിലേക്ക് കാത്ത് ലാബടക്കം സജ്ജീകരിക്കാനുള്ള പദ്ധതി പരിഗണിക്കാവുന്നതാണ്
ലഹരി മുക്ത ചികിത്സ തേടിയെത്തുന്നവരെ പാർപ്പിക്കാൻ ആവശ്യത്തിന് സ്ഥമില്ലെന്ന ജില്ലയുടെ പരിമിതി മറികടക്കാനും കെട്ടിടം ഉപയോഗിക്കാനാവുമോ എന്ന് പരിശോധിക്കും
നിലവിലെ കെട്ടിടം എങ്ങനെ വിനിയോഗിക്കണമെന്നതിൽ രൂപരേഖ തയാറാക്കേണ്ടതുണ്ട്
-ആർ.എം.ഒ, ജനറൽ ആശുപത്രി
പഴയ കെട്ടിടത്തിന്റെ മുകൾഭാഗം പൊളിച്ച് പുനർനിർമ്മിച്ച് ശാശ്വത പരിഹാരം കാണണം. ഇതിന് സർക്കാർ തലത്തിൽ ഇടപെടലുണ്ടാവണം
- പി.എസ്.ഫൈസൽ, പാലസ് വാർഡ് കൗൺസിലർ