
തുറവൂർ: കുത്തിയതോട് ഗ്രാമ പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി എന്നിവർ ഇല്ലാത്തതിനാൽ ഓഫീസ് നാഥനില്ലാ കളരിയായി മാറിയതായി പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്തിൽ ഭരണം സ്തംഭിച്ചിട്ട് മാസങ്ങളായി. സെക്രട്ടറി ദീർഘകാല അവധിയിലാണ്.സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസി.സെക്രട്ടറി കഴിഞ്ഞ മേയ് 31 ന് വിരമിച്ചിട്ടും പുതിയ ആളെ നിയമിച്ചിട്ടില്ല. താത്കാലിക നിയമനങ്ങളിൽ പോലും രാഷ്ട്രീയ ലാഭം നോക്കുന്നതും ബന്ധു നിയമനങ്ങളും കുത്തിയതോട് പഞ്ചായത്തിൽ പതിവായിക്കൊണ്ടിരിക്കുകയാണെന്നും അംഗങ്ങൾ ആരോപിച്ചു. കോൺഗ്രസ് കുത്തിയതോട് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.അജിത്ത് കുമാർ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്തു. കല്പനാദത്ത് എസ്.കണ്ണാട്ട് അദ്ധ്യക്ഷനായി. വാർഡ് അംഗങ്ങളായ വി.എ. ഷെറീഫ്, സനീഷ് പായിക്കാടൻ, ദീപ സുരേഷ്, സുഗതൻ കാളപ്പറമ്പ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
16 ന് കേരള കൗമുദിയിൽ വാർത്ത