ആലപ്പുഴ : രാജപ്രമുഖൻ ട്രോഫിക്കു വേണ്ടിയുള്ള മൂലം വള്ളംകളി നാളെ ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി ചുണ്ടനടക്കം 10 കളിവള്ളങ്ങൾ മത്സരിക്കും. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആചാരപരമായ ചടങ്ങുകൾ ഉണ്ടാകും. ഉച്ചയ്ക്ക് 1.30ന് കളക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. 2.10ന് മന്ത്രി പി.പ്രസാദ് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. തോമസ്.കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം അസി.കമ്മിഷണർ പി.ആർ.ശ്രീശങ്കറും ഫാ.ഗ്രിഗറി ഓണംകുളവും ചേർന്ന് ഭദ്രദീപം തെളിക്കും. 2.30ന് മാസ്ഡ്രില്ലിനും പ്രതിജ്ഞയ്ക്കും ശേഷം ജലഘോഷയാത്ര തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. കോഫി ടേബിൾ ബുക്ക് കവർ പ്രകാശനം ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ നിർവഹിക്കും. വൈകിട്ട് 3നാണ് പ്രാഥമിക മത്സരങ്ങൾ. 3.40ന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. വെളി​യനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി​.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. 4.20ന് ഫൈനൽ മത്സരങ്ങൾ. 5ന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നി​യുക്ത എം.പി കൊടിക്കുന്നിൽ സുരേഷ് നിർവഹിക്കും.

ഫണ്ടില്ല, വള്ളങ്ങൾ കുറഞ്ഞു

ആചാരപ്പെരുമയുള്ളതാണെങ്കി​ലും ഓരോ വർഷം പി​ന്നി​ടുമ്പോഴും ചമ്പക്കുളം മൂലം വള്ളംകളി​യുടെ പൊലി​മ കുറഞ്ഞു വരി​കയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡും ടൂറിസം വകുപ്പും നൽകുന്ന സഹായം നാമമാത്രമായതാണ് കാരണം.

കൃത്യമായി ബോണസ് നൽകാത്തതിനാൽ മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വർഷം ചുണ്ടനടക്കം 13 കളിവള്ളങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ 10വള്ളങ്ങളായിചുരുങ്ങി. കഴിഞ്ഞവർഷത്തെ ബോണസ് തുകയുടെ 50ശതമാനം ചുണ്ടൻ വള്ളങ്ങൾക്കും വെപ്പ് എ, ബി ഗ്രേഡ് വള്ളങ്ങൾക്കും ഇനിയും വിതരണം ചെയ്യാനുണ്ട്. നാട്ടുകാരിൽ നിന്ന് പിരിവെടുത്താണ് ജലോത്സവം നടത്തുന്നത്. കുറഞ്ഞത് 25ലക്ഷം രൂപ വേണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് 75,000രൂപയും സംസ്ഥാന ടൂറിസം വകുപ്പ് ഒരു ലക്ഷംരൂപയുമാണ് നൽകുന്നത്. കുട്ടനാട് താലൂക്കിലെ 13ഗ്രാമപഞ്ചായത്തുകളും ചമ്പക്കുളം, വെളിയനാട് ബ്‌ളോക്ക് പഞ്ചായത്തുകളും ചേർന്നാണ് തുക സമാഹരിക്കേണ്ടത്.

ചുണ്ടൻ വള്ളങ്ങളും ഹീറ്റ്സും

 ഒന്നാം ഹീറ്റ്സ് : ട്രാക്ക് 2- നടുഭാഗം ചുണ്ടൻ (നടുഭാഗം ബോട്ട് ക്‌ളബ്ബ്) , ട്രാക്ക് 3 - ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ (യു.ബി.സി കൈനകരി)

 രണ്ടാം ഹീറ്റ്സ് : ട്രാക്ക് 2- ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്‌ളബ്ബ്), ട്രാക്ക് 3- ചെറുതന ചുണ്ടൻ(ജീസസ് ബോട്ട് ക്‌ളബ്ബ്)

 മൂന്നാം ഹീറ്റ്സ് : ട്രാക്ക് 2- ആയാപറമ്പ് വലിയ ദിവാൻജി (ആലപ്പുഴ ടൗൺ ബോട്ട് ക്ളബ്ബ്), ട്രാക്ക് 3- സെന്റ് ജോർജ് ചുണ്ടൻ (സെന്റ് ജോർജ് ചുണ്ടൻവള്ള സമിതി)