hh

ഹരിപ്പാട്: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ കഴിയാതെ അതിഥി തൊഴിലാളിയായ യുവതിക്ക് തുണയായി ആശാവർക്കർ. വീയപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കട്ടകുഴി പാടത്തിന്റെയും അച്ചൻകോവിലാറിന്റെയും ഓരത്തുള്ള ചിറയിൽ അഞ്ചുവർഷമായി താമസിക്കുന്ന മൈസൂർ സ്വദേശിയായ സരിതയ്ക്കാണ് (25)ആശാവർക്കർ ഓമന രക്ഷകനായത്. തിങ്കളാഴ്ച രാത്രിയിൽ സരിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഏകദേശം അഞ്ഞൂറു മീറ്റർ അകലത്തിൽ താമസിക്കുന്ന ആശാവർക്കറെ സരിതയുടെ ഭർത്താവ് വിവരം അറിയിച്ചു. ഓമന ജ്യേഷ്ഠന്റെ മകൻ ബിജുവുമായി സരിതയുടെ താമസസ്ഥലത്ത് എത്തി,​ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽഎത്തിച്ചു.ആശുപത്രിയിലെത്തി പത്ത് മിനിറ്റുള്ളിൽ സരിത ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിൽ വേണ്ട സഹായങ്ങൾ ചെയ്തതെല്ലാം ഓമനയാണ്. സരിത ഗർഭിണിയായി മൂന്നാം മാസം മുതൽ ഹരിപ്പാട് താലൂക്കാശുപത്രയിൽ കൊണ്ടുപോയി ,​പരിശോധന നടത്തിയിരുന്നത് ഓമനയായിരുന്നു. ബുധനാഴ്ച സിസേറിയൻ നടത്താനുള്ള തീരുമാനത്തിലായിരുന്നു ഡോക്ടർ. പക്ഷെ സരിത തിങ്കളാഴ്ച രാവിലെ 2.680കിലോഗ്രാം തൂക്കമുള്ള പെൺകുഞ്ഞിന് ജന്മം നൽകി. താലൂക്കാശുപത്രിയിൽ സരിതയെ സ്ഥിരം പരിശോധിച്ചിരുന്ന ഡോക്ടർ അവധി ആയതിനാലാണ് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. സരിതയുടെ മൂന്നാമത്തെ പ്രസവമാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഓമന, വാർഡ്‌മെമ്പർ രഞ്ജിനിചന്ദ്രൻ എന്നിവർ ഓമനയെ അഭിനന്ദിച്ചു.കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.രാഖി, ഡോ.ധന്യ,ഡോ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഓമനയെ ആദരിച്ചു.