പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചു വരുന്നതായി പരാതി. ഇന്നലെ ഓടമ്പള്ളി റോഡിന് കിഴക്കുവശം മലയാറ്റിൽ ശ്രീഘണ്ടാകർണ്ണഭദ്രകാളി ക്ഷേത്ര പരിസരത്ത് ആറാം വാർഡിൽ പുള്ളാടി വീട്ടിൽ മഞ്ജുവിന്റെ നാലു മാസം പ്രായമുള്ള മുട്ടനാടിന് , പതിനെട്ടോളം നായക്കൾ കൂട്ടം കുടി കടിച്ച് കീറി കൊന്നതാണ് ഒടുവിലെത്തെ സംഭവം. ഈ ഭാഗത്ത് താറാവ്, കോഴി തുടങ്ങിയവയെ ഓടിച്ചിട്ട് കടിച്ച് തിന്നുന്നത് സാധാരണമാണെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കളെ വന്ധ്യംകരണം ചെയ്ത് പെറ്റു പെരുകുന്നത് നിയന്ത്രിക്കാൻ തയ്യാറാക്കിയ പദ്ധതി ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. പഞ്ചായത്തുകൾ നായ്ക്കൾക്കായി പ്രത്യേകം പാർപ്പിടവും ഭക്ഷണവും നൽകി പരിപാലിക്കാനുള്ള നിർദ്ദേശങ്ങളും നടപ്പായില്ല. തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെട്ട് തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്ന് മോചനമുണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.