a

മാവേലിക്കര: മൂന്ന് മുന്നണികളും ഒമ്പത് അക്കം തികച്ച മാവേലിക്കര നഗരസഭയിൽ

എൽ.ഡി.എഫ് വിമതനായി ജയിച്ച ശ്രീകുമാറിനെ ഒപ്പം നിർത്തിയാണ് യു.ഡി.എഫ്

ഭരണം പിടിച്ചത്. ആദ്യ മൂന്ന് വർഷം ചെയർമാൻ സ്ഥാനം നൽകാമെന്നായിരുന്നു ശ്രീകുമാറിന് നൽകിയ വാഗ്ദാനം. പിന്നീടുള്ള രണ്ട് വർഷം കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർത്ഥിയെ പിൻതുണയ്ക്കുകയും വേണം. യു.ഡി.എഫ് വാഗ്ദാനം പാലിച്ചു,​ കെ.വി.ശ്രീകുമാർ നഗരസഭ ചെയർമാനായി. എന്നാൽ,​ മൂന്ന് വർഷവും ആറ് മാസവും കഴിഞ്ഞിട്ടും ശ്രീകുമാർ ചെയർമാൻ കസേര വിട്ട് കൊടുക്കാൻ തയ്യാറല്ല.

ശ്രീകുമാർ ഇല്ലാതെ ഭരണമില്ല എന്ന അവസ്ഥയുള്ളതിനാൽ കോൺഗ്രസിന് കടുംപിടുത്തം പിടിക്കാനും കഴിയുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ കൈയിലുള്ള നഗരസഭ വിട്ടുകളയുന്നത് ബുദ്ധിയല്ലെന്നത് കോൺഗ്രസ് നേതൃത്വത്തിന് നന്നായി അറിയാം. മാത്രമല്ല, വൈസ് ചെയർപേഴ്സൺ,​ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം എന്നിവ കൈയിലുള്ളത് ശ്രീകുമാരിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്. ഇവരടങ്ങുന്ന ഭരണപക്ഷ അംഗങ്ങളിൽ ഭൂരിഭാഗത്തിന്റെയും പിന്തുണ ശ്രീകുമാറിനുണ്ട്. ഇത്തരത്തിൽ ചെയർമാനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് കോൺഗ്രസിലെ ഒരുവിഭാഗവും കേരള കോൺഗ്രസും ശ്രീകുമാറിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഇങ്ങനെപോയാൽ

അടുത്തതവണ നോക്കണ്ട

അടുത്തിടെ ടൗൺ വെസ്റ്റ് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസൺ പാട്രിക്കാണ് കോൺഗ്രസിന്റെ നേതാക്കൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ രണ്ടാഴ്ച മുമ്പ് വെടിപൊട്ടിച്ചത്.

നഗരസഭയിലെ 28 വാർഡുകളിലും വികസനം നിലച്ചതായി അദ്ദേഹം ആരോപിച്ചു. ഈ നിലയിൽ തുടർഭരണം ലഭിക്കില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക്‌ വേണ്ടി വോട്ട് ചോദിച്ച് ഇറങ്ങാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ പോസ്‌റ്റിൽ പറയുന്നു.

കേരള കോൺഗ്രസിനും അമർഷം

നഗരസഭയിൽ വികസന മുരടിപ്പാണെന്ന് കേരള കോൺഗ്രസിനും ആക്ഷേപമുണ്ട്. ഘടകക്ഷിയായിട്ടും ഒരു നിവേദനം നൽകി ആറ് മാസം കഴിഞ്ഞിട്ടും കൗൺസിലിൽ ചർച്ചക്ക് പോലും വയ്ക്കാത്ത ആളാണ് ചെയർമാനെന്നും അവർ കുറ്റപ്പെടുത്തുന്നു.

മാന്യതകാട്ടി വൈസ് ചെയർപേഴ്സൺ

മുൻധാരണ പ്രകാരം,​ രണ്ടര വർഷം കഴിഞ്ഞപ്പോൾ വൈസ് ചെയർപേഴ്സൺ സ്ഥാനം

ഒഴിഞ്ഞുകൊടുത്ത് ലളിതാരവീന്ദ്രനാഥ് മാന്യത കാട്ടിയപ്പോൾ ചെയർമാൻ അത് കാണിക്കുന്നില്ലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. പാർലമെന്റ് തിരഞ്ഞെടുപ്പ് കാരണമാണ് ഇത്രയുംനാൾ ചെയർമാൻ വിഷയം മാറ്റിവച്ചത്. ഇനി വിഷയം കുത്തിപ്പൊക്കുകയെന്ന ലക്ഷ്യമാണ് മണ്ഡലം പ്രസിന്റിന്റെ പോസ്റ്റിനുള്ളത്.