ph

കായംകുളം : യാത്രക്കാർക്ക് ഭീഷണിയായി അപകടാവസ്ഥയിലുള്ള കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനമായി. മഴ തുടങ്ങിയതോടെ കെട്ടിടം കൂടുതൽ ജീർണാവസ്ഥയിലായതിനെ തുടർന്നാണ് അടിയന്തിരമായി പൊളിച്ച് നീക്കുന്നത്.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ബഹുനില കെട്ടിടം കോൺക്രീറ്റ് മുഴുവൻ ഇളകി കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് യാത്രക്കാർക്ക് അപകടം പറ്റാതിരിക്കാൻ പലഭാഗങ്ങളിലും പ്രവേശനം തടഞ്ഞിരിക്കുകയായിരുന്നു. ജീവനക്കാർ ജീവൻ പണയം വെച്ചാണ് അകത്തിരുന്നു ജോലി ചെയ്യുന്നത്. ബസ് കാത്തു നിന്ന നിരവധി യാത്രക്കാർക്ക് കോൺക്രീറ്റ് പാളികൾ അടർന്ന് തലയിൽ വീണ് പരിക്കേറ്റിരുന്നു. അടുത്തിടെ ലോട്ടറി വിൽപ്പനക്കാരന്റെ തലയിൽ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് ഗരുതരമായി പരിക്കേറ്റിരുന്നു.

എന്ന് വരും പുതിയ കെട്ടിടം

പഴയ കെട്ടിടം പൊളിച്ചുമാറ്റുമ്പോഴും പകരം പുതിയ കെട്ടിടം നിർമ്മിക്കുന്നതിൽ യാതൊരു വ്യക്തതയും വന്നിട്ടില്ല.

സംസ്ഥാന ബഡ്ജറ്റിൽ പുതിയ ബസ് ടെർമിനലിനായി 10 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എൻജിനീയറിംഗ് വിഭാഗമാണ് കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഡിപ്പോയുടെ ഓഫീസ് വിഭാഗം കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.

കായംകുളത്തിന്റെ വികസനം എവിടെ എത്തി നിൽക്കുന്നുവെന്ന്കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം നോക്കിയാൽ അറിയാം

-ഡി.അനീഷ് കുമാർ,നാട്ടുകാരൻ