
ആലപ്പുഴ: സംസ്ഥാനത്തെ ജലഗതാഗതവകുപ്പ് ബോട്ടുകളിൽ പുസ്തകത്തോണി പദ്ധതി വ്യാപിപ്പിക്കാൻ ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദേശം. മൊബൈൽ ഫോൺ തരംഗത്തിലകപ്പെട്ട പുത്തൻ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുകയും യാത്രയിലെ വിരസത ഒഴിവാക്കുകയുമാണ് പുസ്തകതോണിയുടെ ലക്ഷ്യം. അതത് മേഖലകളിലെ സ്കൂളുകളും സന്നദ്ധ സംഘടനകളുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
യാത്രക്കാർക്ക് സൗജന്യ പുസ്‌തകവായന
1. മുഹമ്മ സ്റ്റേഷനിലെ മുഹമ്മ- കുമരകം ഫെറി ബോട്ടുകളിൽ ഒരു വർഷം മുമ്പ് നടപ്പിലാക്കിയ പദ്ധതി ജനപ്രിയമായതിനെ തുടർന്നാണ് മന്ത്രിയുടെ നിർദേശം. വേമ്പനാട് കായലിന് കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ളയാത്രയാണിത്
2.പ്രദേശത്തെ വീടുകളിലും സ്കൂളിലും നിന്ന് ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ ബോട്ടിലുണ്ടാകും. കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട്. യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം
3.ജലഗതാഗത വകുപ്പിന്റെ പാണാവള്ളി, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ആലപ്പുഴ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ബോട്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ ജനസൗഹൃദപരമായ ആശയങ്ങൾ ഇനിയും ഉൾക്കൊള്ളിക്കാനും ലക്ഷ്യമുണ്ട്