ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവാർഡ് കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന് റീടെണ്ടർ വിളിക്കാൻ പൊതുമരാമത്ത് അധികൃതർ തീരുമാനിച്ചു. അഞ്ചു കോടി ചെലവിട്ട് നിർമ്മിക്കുന്ന അഞ്ചുനില പേവാർഡ് കെട്ടിടത്തിന്റെ ടെണ്ടർ നൽകേണ്ട സമയം ഇന്നലെ അവസാനിച്ചിരുന്നു. ഒരാൾ മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിനെ തുടർന്നാണ് റീടെണ്ടർ നടത്താൻ തീരുമാനിച്ചത്.

ആദ്യഘട്ടത്തിൽ മൂന്ന് നിലയാണ് പണിയുക. ഓരോ നിലയിലും 13 മുറികൾ വീതം ഉണ്ടാകും. ഇതിന് പുറമേ പി.ജി ക്വാർട്ടേഴ്സിന് സമീപം ഹൗസിംഗ് ബോർഡിന്റെ നേതൃത്വത്തിൽ മറ്റൊരു പേവാർഡ് ബ്‌ളോക്ക് നിർമ്മിക്കാനുള്ള നടപടിയും ആരംഭിച്ചു.

പേവാർഡില്ലാത്ത ഏക മെഡി.ആശുപത്രി

പേവാർഡ് ഇല്ലാത്ത ഏക മെഡിക്കൽ കോളേജ് ആശുപത്രിയാണ് ആലപ്പുഴയിലേത്. പേവാർഡിന്റെ അപര്യാപ്തത മൂലം രോഗികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രധാന വ്യക്തികൾ അടിയന്തരഘട്ടത്തിൽ ചികിത്സയ്ക്ക് എത്തുമ്പോൾ പലപ്പോഴും സിക്ക് റൂമാണ് ഇവർക്ക് നൽകുന്നത്. സൂപ്പർ ഡീലക്സ് മുറികൾ ഉൾപ്പെടെ ആശുപത്രിയിൽ പേവാർഡ് മുറികൾ സജ്ജമാക്കാൻ ജെ വൺ, ജെ ടു, ജെ ത്രീ ബ്ളോക്കുകൾ സജ്ജമാക്കിയിരുന്നതാണ്. എന്നാൽ 2009ൽ ആശുപത്രി മാറ്റിയപ്പോൾ ചില വിഭാഗങ്ങൾക്കായി ഈ മുറികൾ ഉപയോഗിച്ചു. പിന്നീട് രണ്ട് ഐ.പി ബ്ളോക്കുകൾ പൂർത്തീകരിച്ചെങ്കിലും വാർഡുകൾ ജെ വൺ, ജെ ടു, ജെ ത്രീ ബ്ളോക്കുകളിൽ നിന്ന് മാറ്റിയതുമില്ല.

പേ വാർഡ്

തുക: 5 കോടി

നിലകൾ: 5

ആദ്യഘട്ടം : 3 നിലകൾ

ആകെ മുറികൾ : 65

ആദ്യഘട്ടം: 13

കെട്ടിടത്തിന്റെ റീ ടെണ്ടറിലൂടെ കരാർ ഉറപ്പിച്ച് പൈലിംഗ് ജോലികളും മറ്റ് പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും

- സ്‌പെഷ്യൽ കെട്ടിട നിർമ്മാണ വിഭാഗം, പൊതുമരാമത്ത് വകുപ്പ്‌