
ചാരുംമൂട് : ഭാരതീയ പൈതൃകത്തിൽ നിന്ന് മാനവരാശിക്ക് ലഭിച്ച സമ്മാനമാണ് യോഗയെന്നും, അത് കേവലം ശാരീരിക വ്യായാമം മാത്രമല്ല മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണെന്നും വള്ളികുന്നം ആദിപരാശക്തി ആശ്രമം മഠാധിപതി സ്വാമിനി മാതാ ബ്രഹ്മാനന്ദമയി ദേവി പറഞ്ഞു. അന്താരാഷ്ട്രയോഗാദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി ലീഗൽ സെൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗാപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പി ലീഗൽ സെൽ ജില്ലാ കൺവീനർ അഡ്വ.ഹരീഷ് കാട്ടൂർ, കോ - കൺവീനർ പീയുഷ് ചാരുംമൂട്, യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ജി. ശ്യംകൃഷ്ണൻ, അഡ്വ.സജീവ് കാമ്പിശ്ശേരി, അഡ്വ.ലതികാദേവി, അഡ്വ.ശ്രീലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.