ആലപ്പുഴ : മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ വയറിളക്കവും ഛർദ്ദിയും ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ 1500ൽ അധികം പേരാണ് ചികിത്സ തേടി എത്തിയത്. പ്രതിദിനം ചികിത്സ തേടിയവരുടെ എണ്ണം 200ൽ അധികമാണ്.

രണ്ട് മുതൽ 15വയസ് വരെ പ്രായമുള്ളവരിലും രോഗബാധ കൂടുതലാണ്. 156കുട്ടികളാണ് ഒരാഴ്ചക്കുള്ളിൽ ചികിത്സതേടിയത്.

കുടിവെള്ളം വെള്ളം ഭക്ഷണം എന്നിവയിൽ നിന്നാണ് രോഗവ്യാപനമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. വെള്ളത്തിൽ നിന്നാണോ രോഗവ്യാപനം എന്ന് കണ്ടെത്താനുള്ള പരിശോധനയും ആരംഭിച്ചു. ശുചിത്വം ഉറപ്പാക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളിൽ കേന്ദ്രീരിച്ച് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന ഊർജ്ജിതമാക്കി.

ആർ.ഒ പ്ളാന്റുകളും നിരീക്ഷണത്തിൽ

ജല അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളം പൂർണമായും ശുദ്ധമാണെന്ന് വിശ്വസിക്കാനാകില്ല. പലേടത്തും പൊട്ടിയ പൈപ്പിലൂടെയാണ് കുടിവെള്ളം വിതരണം ചെയ്തുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന വെള്ളം ആർ.ഒ പ്ളാന്റുകളിൽ ശുദ്ധീകരിച്ചാലും തിളപ്പിച്ച് ഉപയോഗിച്ചില്ലെങ്കിൽ രോഗബാധയ്ക്ക് സാദ്ധ്യത കൂടുതലാണ്. ഏറ്റവും കൂടുതൽ സ്വകാര്യ ആർ.ഒ പ്ളാന്റുകൾ ഉള്ളത് ആലപ്പുഴ നഗരത്തിലാണ്. ഇതിൽ ഭൂരിഭാഗവും ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

ഒരാഴ്ചക്കുള്ളിൽ വിവിധ ആശുപത്രികളിൽ

ചികിത്സതേടിയവരുടെ എണ്ണം

 മെഡിക്കൽ കോളേജ്: 600

 ജനറൽ ആശുപത്രി: 200

 സ്ത്രീകളുടെയും കുട്ടികളുടെയും: 75

 ജില്ലാ-താലൂക്ക് ആശുപത്രികൾ: 325

 മറ്റ് ആശുപത്രികൾ: 360

തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.

-ജില്ലാ മെഡിക്കൽ ഓഫീസ്, ആലപ്പുഴ