ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഉയരപ്പാത പണി നടക്കുന്ന അരൂർ-തുറവൂർ ഭാഗത്ത് ട്രാഫിക് ഡൈവേർഷനായി നിലവിലുള്ള റോഡിലെ ഇരുവശവും ഓരോ വരി വീതം അറ്റകുറ്റപ്പണി ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാൻ തീരുമാനം. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കെ.സി.വേണുഗോപാൽ എം.പിയുടെ സാന്നിദ്ധ്യത്തിൽ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കായംകുളം ഭാഗത്ത് ഫ്ളൈഓവർ സ്ഥാപിക്കണമെന്ന് കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. സാദ്ധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ മറുപടി നൽകി. എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർ ബി.എൽ.മീണ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.