കുട്ടനാട്: സംഘാടനത്തിലെ പിഴവ് കാരണം ചമ്പക്കുളം മൂലം വള്ളം കളിയിൽ ചുണ്ടൻവള്ളങ്ങളുടെ ആദ്യ പാദമത്സരത്തിലെ മൂന്നാം ഹീറ്റ്സിൽ ട്രാക്ക് തെറ്റി. ഇത് തുഴച്ചിലുകാർ തമ്മിൽ വൻ ബഹളത്തിനും ഒച്ചപ്പാടിനും കാരണമായി. ആലപ്പുഴ ടൗൺ ബോട്ട്ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജിയും സെന്റ് ജോർജ് ചുണ്ടനിലെ തുഴച്ചിൽക്കാരും തമ്മിലായിരുന്നു തർക്കം. പ്രശ്നം രൂക്ഷമായതോടെ മത്സരം വീണ്ടും നടത്തിയാണ് സംഘാടകർ പ്രശ്നം പരിഹരിച്ചത്. ഇത് മത്സരം മണിക്കൂറുകളോളം വൈകാൻ കാരണമായി. ഇതിനിടെ, വി.ഐ.പി പവലിയന് സമീപം കാണികൾ ഏറ്റുമുട്ടിയത് പ്രശ്നം കൂടുതൽ രൂക്ഷമാക്കി. പൊലീസിന്റെ ചൂരൽ പ്രയോഗത്തിലാണ് കാര്യങ്ങൾ അവസാനിച്ചത്.