ആലപ്പുഴ: നഗരസഭ അമൃത് പദ്ധതി പ്രകാരം കുടി വെളളം ലഭിക്കാത്ത സ്ഥലങ്ങളിൽ പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പൂന്തോപ്പ് വാർഡിലാണ് പ്രതിസന്ധി. പൈപ്പിടുന്നതിന് വേണ്ടി റോഡിന്റെ ഇരുവശങ്ങളും പൊളിച്ചിട്ടിട്ടും ടാറിംഗ് നടത്തുവാൻ അധികൃതർ തയ്യാറായിട്ടില്ല. കാൽനടയാത്രയും വാഹനത്തിന്റെ സഞ്ചാരവും ദുഷ്ക്കരമായതോടെ വാർഡ് കൗൺസിലർ ബി.മെഹബൂബ് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. പൂന്തോപ്പ് വാർഡിലെ അമ്പാടി ഷാപ്പ് റോഡ്, കളരിക്കൽ റോഡ്, മാമ്മൂട്- പുന്തോപ്പ് റോഡുകളുടെ വശങ്ങളാണ് പൊളിച്ചിട്ടിരിക്കുന്നത്. ഇതിൽ അമ്പാടി - ഷാപ്പ് റോഡിൽ മാത്രമാണ് പൈപ്പ് ലൈനിന് കണക്ഷൻ നൽകിയിരിക്കുന്നത്. മറ്റ് രണ്ട് പ്രധാന പാതകളിലും ലൈൻ വെറുതെ കിടക്കുകയാണ്. ഇതിന് അനുബന്ധമായി ഇടവഴികളിലേക്കും പൈപ്പ് സ്ഥാപിക്കാൻ പദ്ധതിയുണ്ടെങ്കിലും നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ജനപ്രതിനിധിയും നാട്ടുകാരും പറയുന്നത്. റോഡിന്റെ വശങ്ങൾ പൊളിച്ചിട്ടിരിക്കുന്നത് മൂലം നിലവിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് സ്കൂൾ കുട്ടികളാണ്.
.......
# ദുരിത യാത്ര
റോഡ് പൊളിച്ച് പൈപ്പിട്ട് പോയിട്ട് മാസങ്ങളായി. പൈപ്പുകളിൽ വെള്ളം എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. പാതകളിൽ സഞ്ചാരിക്കാൻ സാധിക്കാത്ത സ്ഥിതിയുമാണ്. ഇതിന് പരിഹാരം ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്
-ബി.മെഹബൂബ്, വാർഡ് കൗൺസിലർ