ottupathra-nirmanam

മാന്നാർ: ഓട്ടു പാത്ര നിർമ്മാണമേഖല പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോൾ ലോകമറിയുന്ന വെങ്കല നാടിന്റെ പെരുമയും മങ്ങുകയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്നാട്ടിലെ തഞ്ചാവൂർ, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മാന്നാറിൽ എത്തിയ വിശ്വകർമ്മജരുടെ പിന്മുറക്കാരാണ് ഇവിടത്തെ ഓട്ടുപാത്ര നിർമ്മാണ തൊഴിലാളികളിൽ ഭൂരിഭാഗവും. മാന്നാറിന്റെ വെങ്കലപെരുമ ലോക പ്രശസ്തിയിലേക്ക് കൊണ്ടുവരാൻ ഈ സമൂഹം വഹിച്ച പങ്ക് ചെറുതല്ല. ക്ഷേത്ര നിർമ്മാണം, വിഗ്രഹ നിർമ്മാണം, കരകൗശല വസ്തുക്കൾ, പള്ളിമണികൾ, ഉരുളികൾ, ഭീമൻ വാർപ്പുകൾ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ കേന്ദ്രമായിരുന്ന മാന്നാറും ആയിരക്കണക്കിന് തൊഴിലാളികളും അവരെ ആശ്രയിച്ചിരുന്ന വ്യവസായ മേഖലയും കേന്ദ്ര സംസ്ഥാന-സർക്കാരുകളുടെ മുതൽക്കൂട്ടായിരുന്നു. എന്നാൽ മാറിമാറി വന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന മൂലം ഈ മേഖല അന്യംനിന്നു പോകുന്ന അവസ്ഥയാണ്.

നൂറുകണക്കിന് പരമ്പരാഗത ആലകളും പാരമ്പര്യ തൊഴിലാളികളെ ആശ്രയിച്ചുകൊണ്ട് നിരവധി ചെറുകിട നിർമ്മാണ സ്ഥാപനങ്ങളും ഉണ്ടായിരുന്ന മാന്നാറിൽ അവയെല്ലാം ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമായി ചുരുങ്ങി. നിർമ്മാണ ചെലവ് ഏറിയതും കഠിനാധ്വാനം ആവശ്യവുമായ ഈ മേഖലയെ പുതുതലമുറ കൈവിട്ടതും മാന്നാറിലെ ഓട്ടുപാത്ര നിർമ്മാണ മേഖലയുടെ തകർച്ചയ്ക്ക് കാരണമായി. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവും, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓട്ടുപാത്രങ്ങളുടെ കടന്നുകയറ്റവും ഈ മേഖലയെ നിർജീവമാക്കി.

.......

#പ്രതീക്ഷയർപ്പിച്ച് 'പൈത്യക ഗ്രാമം'

പാരമ്പര്യ വ്യവസായമായ വെങ്കലപാത്ര നിർമാണത്തോടൊപ്പം വെള്ളി ആഭരണങ്ങൾ ഉൾപ്പടെയുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇതിന്റെ പുനരുദ്ധാരണവും ആധുനിക വത്ക്കരണവും പരമ്പരാഗത തൊഴിലുകളുടെ പരിശീലനവും വിപണനവും ലക്ഷ്യമിട്ട് വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുന്ന തരത്തിൽ കെ.കെ.രാമചന്ദ്രൻ നായർ എം.എൽ.എയായിരുന്ന കാലത്താണ് പൈതൃകഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്. വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും വിനോദസഞ്ചാരികെള ആകർഷിക്കാനും കഴിയുന്ന തരത്തിൽ പൈതൃക ഗ്രാമം പദ്ധതിയിൽ പിൽഗ്രിം ടൂറിസംകൂടി സമന്വയിപ്പിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ കൂടി ഉൾപ്പെടുത്തി 35കോടി രൂപയുടെ പദ്ധതി മന്ത്രി സജി ചെറിയാൻ തയ്യാറാക്കിയതോടെ മാന്നാറിന്റെ പ്രതീക്ഷയേറി .വിനോദസഞ്ചാരികളെ മാന്നാറിലേക്ക് ആകർഷിക്കുവാനും കഴിയുന്ന പദ്ധതിയുടെ രൂപരേഖയും മാപ്പും തയ്യാറാവുമ്പോൾ പൈതൃക ഗ്രാമം പദ്ധതി യാഥാർത്ഥ്യമാവുന്നതും കാത്തിരിപ്പാണ് മാന്നാറിലെ പരമ്പരാഗത വ്യവസായ മേഖല.