ആലപ്പുഴ: ജില്ലയുടെ കായികസ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഫുട്ബാൾ ടർഫ് തയ്യാറാകുന്നു. മെറ്റൽ വിരിച്ച് ഗ്രൗണ്ട് സജ്ജമാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഗ്രൗണ്ടിന്റെ നാല് വശത്തെയും ഡ്രെയിനേജ് സംവിധാനം നേരത്തെ പൂർത്തിയായിരുന്നു. താരങ്ങൾക്കുള്ള ഡ്രസിംഗ് മുറിയുടെ നിർമ്മാണം താഴത്തെ നിലയിൽ പൂർത്തിയായതായും സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞു.

ഫുട്ബാൾ ടർഫ് നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇലവൻസ് കളിക്കാൻ പാകത്തിന് സ്‌റ്റാൻഡേർഡ് ടർഫാണ് ഉറപ്പ് നൽകുന്നത്. ഇതിന് ശേഷമാകും സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കുക. കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് നിർമ്മാണം.ഗ്യാലറിയുടെ നവീകരണത്തിന് വേണ്ടി പഴയ ടൈലുകളെല്ലാം നീക്കം ചെയ്‌തിട്ടുണ്ട്.

'സ്റ്റേഡിയ'മാകണമെങ്കിൽ രണ്ട് വർഷമെടുക്കും

1. 2010ൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായ സ്റ്റേഡിയത്തിൽ ഇന്നോളം ഒരു കായികമത്സരവും അരങ്ങേറിയിട്ടില്ല. 2023 ഫെബ്രുവരിയിലാണ് രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചത്. ഒമ്പത് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കണമെന്ന കരാർ പാലിക്കപ്പെടാതായതോടെയാണ് പുതിയ ടെണ്ടർ വിളിച്ചത്

2. ഇത്തവണയും ജില്ലാസ്കൂൾ കായികമേള ഇ.എം.എസ് സ്റ്റേഡിയത്തിൽ അരങ്ങേറാനാവുമെന്ന പ്രതീക്ഷയൊന്നും അധികൃതർക്കില്ല. സ്റ്റേഡിയം പ്രതീക്ഷിക്കുന്ന തരത്തിൽ പൂർത്തിയാകാൻ ഇനിയും രണ്ടുവർഷമെങ്കിലും വേണ്ടിവരും.

3. സ്റ്റേഡിയത്തിൽ ആകെ അരക്ഷിത അന്തരീക്ഷം. സുരക്ഷാ ജീവനക്കാരില്ല. ഗേറ്റ് അടയ്ക്കുന്ന പതിവില്ല. ചെറിയ ഗേറ്റ് തകർന്നുകിടക്കുന്നു. ഗ്യാലറിയിലെ പടിക്കെട്ടുകളിൽ മദ്യകുപ്പികളും സിഗററ്റും സിറിഞ്ചുമെല്ലാം കിടപ്പുണ്ട്.

രണ്ടാംഘട്ടം

ചെലവ്: 10.92 കോടി

പൂർത്തിയായവ

 ഡ്രസ്സിംഗ് റൂം

 ഡ്രെയിനേജ് സംവിധാനം

അടുത്തഘട്ടം

 സിന്തറ്റിക്ക് ട്രാക്ക്

 ലോംഗ് ജമ്പ് പിറ്റ്

 ത്രോമത്സരങ്ങൾക്കുള്ള പിച്ച്

ഒരുമിച്ച് ടെണ്ടർ ചെയ്താൽ പ്രവൃത്തി വൈകുമെന്നതുകൊണ്ടാണ് ഘട്ടങ്ങളാക്കിയത്.

ഒന്നര വർഷത്തിനുള്ളിൽ ഇ.എം.എസ് സ്റ്റേഡിയം യാഥാർത്ഥ്യമാകും

- പ്രദീപ് കുമാർ, സെക്രട്ടറി,​ ജില്ലാ സ്പോർട്സ് കൗൺസിൽ